സാമ്പത്തിക അച്ചടക്കത്തിൽ കുടുംബശ്രീ മാതൃകയാകണം: എസ്. ജയമോഹൻ
1481703
Sunday, November 24, 2024 6:37 AM IST
കൊല്ലം: കേരളത്തിലെ കുടുംബശ്രീ സംവിധാനം രാജ്യത്തിന് മാതൃകയാണ്. സാമ്പത്തിക അച്ചടക്കത്തിലും കുടുംബശ്രീ മാതൃകയായി മാറാൻ ജാഗ്രത പുലർത്തണമെന്ന് കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ.
ജില്ലയിലെ കുടുംബശ്രീയുടെ അക്കൗണ്ടിംഗ് ആന്‍ഡ് ഓഡിറ്റിംഗ് സംബന്ധിച്ച് ഏകീകൃത നിയമങ്ങളും ചട്ടങ്ങളും പാലിച്ച് മുന്നോട്ടുപോകേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്യുന്നതിനായി കൊല്ലം ഇ. കാസിം സ്മാരക ഹാളിൽ നടന്ന ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു ചെയർമാൻ.
ജില്ലയിലെ 150 ഓഡിറ്റർമാർ ശിൽപശാലയിൽ പങ്കെടുത്തു. കുടുംബശ്രീയുടെ എല്ലാ സാമ്പത്തിക ഇടപാടുകളും സുതാര്യവും, അഴിമതി വിമുക്തമാക്കാനും വേണ്ടിയാണ് പരിശീലനം നൽകിയത്.
ഓഡിറ്റ് ചെയ്യുന്ന സ്ഥാപനത്തെ ദുർബലപ്പെടുത്തുന്ന രീതിയിലുള്ള നടപടികൾ സ്വീകരിക്കാൻ പാടില്ല. ഓഡിറ്റിംഗിലൂടെ കണ്ടെത്തുന്ന വിവരങ്ങൾ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് തിരുത്തുന്നതിന് അവസരം കൊടുക്കുന്നതിനു മുമ്പ് പുറത്തുവിടുന്ന ചില ഓഡിറ്റർമാരുടെ നടപടി ഗുണപരമായിരിക്കില്ലെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
യോഗത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ആർ. വിമൽ ചന്ദ്രൻ, ആർ. രതീഷ് കുമാർ, സജിൻ ജോഷ്, ജെസി ജോൺ എന്നിവരും പങ്കെടുത്തു.