സഹജീവി സ്നേഹം വളർത്തണം: ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി
1481696
Sunday, November 24, 2024 6:37 AM IST
കൊല്ലം: അന്നത്തിന്റെ വിലയറിയുന്ന കുഞ്ഞുങ്ങളുടെ രൂപീകരണമാണ് ചോറ് പൊതി പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി. വി കെയർ പാലിയേറ്റീവ് ആന്ഡ് ചാരിറ്റബിൾ ട്രസ്റ്റും ഹാൻഡ് 4 ലൈഫ് പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി നടത്തുന്ന അഗതികൾക്കും ഗർഭിണികൾക്കും കിടപ്പുരോഗികൾക്കും മാറാരോഗമുള്ളവർക്കുമുള്ള ചോറ് പൊതി വിതരണത്തിന്റെ 15-ാം വാർഷികാഘോഷം കൊല്ലം ബിഷപ്സ് ഹൗസിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
കുഞ്ഞുങ്ങൾ സ്കൂളിൽ കൊണ്ട് വരുന്ന ചോറ് പൊതിയോടൊപ്പം ഒരു പൊതികൂടെ കൊണ്ട് വരുന്നത് സമാഹരിച്ച് അർഹതപ്പെട്ടവരുടെ അടുക്കലെത്തിക്കുന്നതാണ് പൊതിച്ചോറ് പദ്ധതി.
ഈപദ്ധതി ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്തവർ നമ്മുടെ ചുറ്റിലുമുണ്ടെന്ന ബോധ്യം കുഞ്ഞുങ്ങൾക്ക് നൽകുകയാണ്. ഇത്തരം മനുഷ്യരെ സംരക്ഷിക്കേണ്ടത് ഉത്തരവാദിത്തമാണെന്ന് ഓരോ കുഞ്ഞിനും മനസിലാക്കിക്കൊടുക്കുന്നു. ഇതുവഴി സഹജീവി സ്നേഹമുള്ള പുതുതലമുറകളുടെ രൂപീകരണം സംജാതമാകും. അന്നം പാഴാക്കരുതെന്നും ബിഷപ് പറഞ്ഞു.
ഹാൻഡ് 4 ലൈഫ് വർക്കിംഗ് പ്രസിഡന്റും വി കെയർ പാലിയേറ്റീവ് ചെയർമാനുമായ ജോർജ് എഫ് സേവ്യർ വലിയവീട് അധ്യക്ഷത വഹിച്ചു. രൂപത വികാരി ജനറാൾ ഫാ. ഡോ. ബൈജു ജൂലിയാൻ മുഖ്യപ്രഭാഷണം നടത്തി.
വി കെയർ ട്രഷറർ ബെറ്റ്സി എഡിസൺ, കെസിബിസി പ്രോലൈഫ് സംസ്ഥാന സെക്രട്ടറി ഇഗ്നേഷ്യസ് വിക്ടർ, വി കെയർ പാലിയേറ്റീവ് മിനിസ്ട്രി കോർഡിനേറ്റർമാരായ റിട്ട. കമാണ്ടന്റ് കെ. ചന്ദ്രൻ, ഡോ. വിൽസൺ ഏലിയാസ് എന്നിവർ പ്രസംഗിച്ചു.
യോഗത്തിൽ ചോറ് പൊതി പദ്ധതിക്ക് 15 വർഷം നേതൃത്വം നൽകിയ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരിയേയും ജോർജ് എഫ്. സേവ്യർ വലിയവീടിനേയും പൊന്നാടയണിയിച്ച് ആദരിച്ചു.