‘വെളിച്ചെണ്ണയുടേയും ഭക്ഷ്യ സാധനങ്ങളുടേയും ഗുണ നിലവാര പരിശോധന കർശനമാക്കണം’
1481386
Saturday, November 23, 2024 6:31 AM IST
അഞ്ചൽ: അതിർത്തി കടന്നെത്തുന്ന പാൽ, പച്ചക്കറി വെളിച്ചെണ്ണ, കോഴി, ഇറച്ചി തുടങ്ങിയവയുടെ ഗുണനിലവാര പരിശോധന നടത്തുന്നതിന് ആധുനിക ലബോറട്ടറി സംവിധാനം സ്ഥാപിക്കണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിളക്കുപാറ ദാനിയേൽ ആവശ്യപ്പെട്ടു.
കോയമ്പത്തൂർ, പൊള്ളാച്ചി, കാങ്കേയം, തിപ്ത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കേരള വിപണിയിലേക്ക് വരുന്ന വെളിച്ചെണ്ണയിൽ പാരഫിൻ വാക്സ് പതിൻമടങ്ങ് ചേർത്ത് നിലവിലുള്ള വിലയിൽ കിലോയ്ക്ക് 30-40 രൂപ വരെ കുറച്ച് കേരളത്തിൽ വിൽക്കുകയാണ്.
മായംചേർത്ത പാൽ,പഴം, പച്ചക്കറി ഇവയിലെ അമിതമായ കീടനാശിനിപ്രയോഗം, ഇവയ്ക്കൊക്കെ പരിഹാരമുണ്ടാകണമെങ്കിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇത്തരം സാധനങ്ങളുമായി അതിർത്തിയിലെത്തുന്ന വാഹനങ്ങൾ തടയുന്നതുൾപ്പെടെയുള്ള സമരപരിപാടികൾക്ക് കർഷക കോൺഗ്രസ് നേതൃത്വം നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.