സിപിഎം പ്രാദേശിക നേതാവ് സിപിഐയിൽ ചേർന്നു
1481700
Sunday, November 24, 2024 6:37 AM IST
ചാത്തന്നൂർ: സിപിഎം ലോക്കൽ കമ്മിറ്റി അംഗവും സാമൂഹ്യ പ്രവർത്തകനുമായ കെ.കെ. നിസാർ സിപിഎം വിട്ടു. അദ്ദേഹം പ്രസിദ്ധീകരിച്ച താക്കീത് എന്ന പുസ്തക പ്രകാശന ചടങ്ങിൽ ജി.എസ്. ജയലാൽ എംഎൽഎ പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു. സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ സാന്നിധ്യത്തിലായിരുന്നു രാജി പ്രഖ്യാപനവും സിപിഐലേക്കുള്ള സ്വീകരണവും.
കഴിഞ്ഞ സിപിഎം ലോക്കൽ സമ്മേളനത്തിന് മുമ്പ് സിപിഎം ലോക്കൽ കമ്മിറ്റി ഗ്രൂപ്പിൽ റീജിയണൽ അർബൻ ബാങ്ക് മുൻ പ്രസിഡന്റിനോട് കയർത്ത് സംസാരിക്കുന്ന വാട്സ് ആപ്പ് സന്ദേശം പൊതു മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. അതിനെത്തുടർന്ന് നടന്ന ലോക്കൽ സമ്മേളനത്തിൽ അദ്ദേഹത്തെ ഒഴിവാക്കിയായിരുന്നു .സമ്മേളന പാനൽ ഔദ്യോഗിക പക്ഷമാണ് അവതരിപ്പിച്ചത്.
കെകെ. നിസാർ നിരവധി ആരോപണങ്ങൾ ലോക്കൽ കമ്മിറ്റിയിൽ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ലോക്കൽ കമ്മറ്റി തീരുമാനപ്രകാരം പാർട്ടി ഏരിയാ സെക്രട്ടിക്കും ജില്ലാസെക്രട്ടറിക്കും കത്തു നൽകിയെങ്കിലും അന്വേഷണ കമ്മീഷനെ തീരുമാനിക്കാനോ പരാതിക്കാരനെ കേൾക്കാനോ തയാറായില്ല. തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയെന്നു പുസ്തക പ്രകാശനചടങ്ങിൽ കെ.കെ. നിസാർ പറഞ്ഞു.
കുറ്റിവട്ടം അബ്ദുൽ റഷീദ്, വിശ്വകുമാർ എന്നിവരെ ബാങ്ക് വായ്പാ ഏജന്റുമാരായി നിയമിച്ചുവെന്നും ബാങ്കിൽ നിന്നും നൽകുന്ന ഓരോ ബാങ്ക് വായ്പക്കും വായ്പ്പാക്കാരന്റെ അക്കൗണ്ടിലേക്ക് തുക പോകുന്ന രേഖകളും നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നുമാണ്ആക്ഷേപം.
അന്വേഷണ കമ്മീഷനെ നിയോഗിച്ചില്ലെങ്കിൽ തെളിവു ശേഖരിക്കാനുള്ള അനുവാദം നൽകിയാൽ തെളിവു ഹാജരാക്കാമെന്ന് ഏരിയാ കമ്മറ്റിക്കു നൽകിയ കത്തിനും പരിഗണനയുണ്ടായില്ല.
അഴിമതിക്കാരെ സംരക്ഷിക്കുന്ന പാർട്ടി നയത്തിൽ പ്രതിഷേധിച്ചാണ് പാർട്ടിയുടെ മുതിർന്ന നേതാവും വ്യാപാരി സമിതി കൊല്ലം ജില്ലാ സെക്രട്ടറിയും സംസ്ഥാന നേതാവുമായിരുന്ന നിസാർ പാർട്ടിയിൽ നിന്നു രാജി വച്ചത്.
പുസ്തക പ്രകാശനം ജി.എസ്. ജയലാൽ എംഎൽഎ നിർവഹിച്ചു.ബാബു പാക്കനാർ ഏറ്റുവാങ്ങി. രമണിക്കൂട്ടി, സിപിഎം ചാത്തന്നൂർ ഏരിയായിലെ പാർട്ടി നേതാക്കളെ പലരെയും പ്രതിക്കൂട്ടിലാക്കുന്ന താക്കീത് എന്ന പുസ്തകം ഇതിനകം വിവാദമായിക്കഴിഞ്ഞു.
പുസ്തക പ്രകാശന ചടങ്ങിൽ സിപിഎം എൽസി സെക്രട്ടറി അജയകുമാർ, സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. ദീലിപ് കുമാർ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് തുടങ്ങിയവർ പങ്കെടുത്തു.