കൊല്ലം- തേനി ദേശീയപാത : പ്രത്യേക അലൈന്മെന്റ് നിർദേശം സമര്‍പ്പിക്കാൻ തീരുമാനം
1481382
Saturday, November 23, 2024 6:31 AM IST
കൊല്ലം: കൊല്ലം ഹൈസ്കൂള്‍ ജംഗ്ഷന് മുതല്‍ കടവൂര്‍ ഒറ്റയ്ക്കല്‍ വരെയുള്ള റോഡ് വികസനവുമായി ബന്ധപ്പെട്ട് പ്രത്യേക അലൈന്മെന്റ് നിര്‍്ദേശം സമര്‍പ്പിക്കാന്‍ എംപിമാരും എംഎല്‍എമാരും പങ്കെടുത്ത അവലോകന യോഗത്തിൽ തീരുമാനിച്ചു.
വളവുകള്‍ ഏറെയുള്ള പാതയില്‍ 24 മീറ്റര്‍ വീതിയില്‍ വികസനം ദുഷ്കരമാകുന്ന പെരിനാട് മേല്‍പ്പാലം മുതല്‍ ഭരണിക്കാവ് ഊക്കന്‍മുക്ക് വരെ ബൈപ്പാസ് നിര്‍മിക്കാനും തീരുമാനിച്ചു. ഇതിനായി 14.25 കിലോമീറ്ററില്‍ മുപ്പത് മീറ്റര്‍ വീതിയില്‍ സ്ഥലം അധികമായി ഏറ്റെടുക്കും.
നേരത്തെ അലൈന്‍മെന്റിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ചെലവ് വര്‍ധിക്കുമെന്നതിനാല്‍ ഭരണിക്കാവിലെ ഫ്ലൈഓവര്‍ നേരത്തെ ഒഴിവാക്കിയിരുന്നു. പകരമായി കൊല്ലം - തേനി ദേശീയപാത ഊക്കന്‍മുക്കില്‍ നിന്നും ചക്കുവള്ളി റോഡില്‍ എത്തുന്ന വിധം ബൈപ്പാസും ഉണ്ടാകും. നിലവിലെ അലൈന്മെന്റില് ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. സ്ഥലം ഏറ്റെടുക്കുന്നതടക്കമുള്ള നടപടികള്‍ ഇതിന് ശേഷം നടക്കും.
കൊല്ലം - തേനി ദേശീയപാത ഹൈസ്ക്കൂള് ജംഗ്ഷനില്‍ നിന്നുതന്നെ ആരംഭിക്കാനാണ് യോഗത്തിലെ തീരുമാനം. ഇതിനായി കൊല്ലം ഹൈസ്ക്കൂള് ജംഗ്ഷന് മുതല്‍ കടവൂര്‍ ഒറ്റയ്ക്കല്‍ വരെയുള്ള 4.2 കിലോമീറ്റര്‍ 24 മീറ്ററില്‍ നിര്‍മിക്കുന്നതിനുള്ള നിർദേശം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലത്തിന് സമര്‍പ്പിക്കാന്‍ അവലോകനയോഗം തീരുമാനിച്ചു.
തുടക്കത്തില്‍ പാത ഹൈസ്കൂള്‍ ജംഗ്ഷനില്‍ നിന്നാരംഭിക്കാനായിരുന്നു ആലോചന. പിന്നീട് കൊല്ലം ബൈപ്പാസില്‍ കടവൂര്‍ ഒറ്റയ്ക്കല്‍ ജംഗ്ഷനില്‍ നിന്ന് പാത ആരംഭിക്കാനായിരുന്നു തീരുമാനം.
ജില്ലാ കളക്ടര്‍ എന്‍. ദേവിദാസിന്റെ അധ്യക്ഷത വഹിച്ചു. എംപിമാരായ എന്‍.കെ. പ്രേമചന്ദ്രന്, കൊടിക്കുന്നില്‍ സുരേഷ്, എംഎല്‍എമാരായ എം. മുകേഷ്, കോവൂര്‍ കുഞ്ഞുമോന്, പി.സി. വിഷ്ണുനാഥ്, പഞ്ചായത്ത് ജനപ്രതിനിധികള്‍, ദേശീയപാത വിഭാഗം ഉദ്യോഗസ്ഥര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പെരിനാട് മുതൽ പുതിയ റോഡ് നിർമിക്കണം: കൊടിക്കുന്നിൽ
കൊല്ലം: കൊല്ലം- തേനി ദേശീയപാത വികസനം നടപ്പാക്കുന്പോൾ കൊല്ലം പെരിനാട് നിന്ന് 24 മീറ്റർ വീതിയിൽ ബൈപ്പാസ് റോഡ് ഭരണിക്കാവ് ഊക്കൻ മൂക്കിലേക്ക് പുതിയതായി നിർമിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.
കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ വകുപ്പിന്റെ മാനദണ്ഡപ്രകാരം വാഹന ഗതാഗതം പതിനായിരത്തിന് മുകളിൽ ആയതിനാൽ 24 മീറ്റർ വീതിയിൽ നാലുവരി വേണമെന്നാണ് ദേശീയപാതാ വിഭാഗത്തിന്റെ നിലപാട്.
ആലപ്പുഴ ജില്ലയിലെ റോഡ് കടന്നുപോകുന്ന ഭാഗത്തെ ജനപ്രതിനിധികളുടെ യോഗം ആലപ്പുഴ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിളിച്ചു കൂട്ടണമെന്നും ചീഫ് എൻജിനീയറോട് നിർദ്ദേശിച്ചു.
അലൈൻമെന്റിലെ മുട്ടം പ്രദേശത്തെ ഒഴിവാക്കി പരമാവധി ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പട്ടികജാതി കോളനികൾ എന്നിവയ്ക്ക് നാശനഷ്ടങ്ങൾ ഉണ്ടാകാത്ത തരത്തിൽ ശിങ്കാരപ്പള്ളി വഴി ഭരണിക്കാവിലേക്ക് അലൈൻമെന്റ് പുനർ നിർണയിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.