ലിറ്റില്‍ കൈറ്റ്സ് ഉപജില്ലാ ക്യാമ്പുകള്‍ തുടങ്ങി
1481663
Sunday, November 24, 2024 6:28 AM IST
കൊല്ലം: കേരള കൈറ്റിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'ലിറ്റില്‍ കൈറ്റ്സ്' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന 21 ദ്വിദിന ഉപജില്ലാ ക്യാമ്പുകള്‍ തുടങ്ങി. എഐ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഭിന്നശേഷി കുട്ടികള്‍ക്ക് കൈത്താങ്ങാകാന്‍ സഹായിക്കുന്ന പ്രോഗ്രാം തയാറാക്കലാണ് ക്യാമ്പുകളുടെ പ്രത്യേകത.
ഒപ്പം പരിസ്ഥിതി സംരക്ഷണ ബോധവത്കരണത്തിനുള്ള അനിമേഷന്‍ പ്രോഗ്രാമുകളും സ്വതന്ത്ര സോഫ്റ്റ് വെയറുകളായ ഓപ്പണ്‍ ടൂണ്‍സ്, ബ്ലെന്‍ഡര്‍ തുടങ്ങിയവ ഉപയോഗിച്ച് ക്യാമ്പില്‍ കുട്ടികള്‍ തയാറാക്കും.
സംസാരിക്കാനും കേള്‍ക്കാനും പ്രയാസം നേരിടുന്ന കുട്ടികള്‍ക്ക് ആംഗ്യ ഭാഷയില്‍ സംവദിക്കാന്‍ കഴിവുള്ള പ്രോഗ്രാമുകള്‍ എഐ ഉപയോഗിച്ച് തയാറാക്കുന്നത് ആംഗ്യ ഭാഷ പഠിക്കാന്‍ മാത്രമല്ല, ഇത്തരം കുട്ടികളോട് സംവദിക്കാൻ പ്രേരിപ്പിക്കുകയും പ്രാപ്തമാക്കുകയും ചെയ്യുന്ന വിധത്തിലാണ് മൊഡ്യൂള്‍.
ഇതിനായുള്ള വീഡിയോ ക്ലാസുകളും ക്യാമ്പില്‍ പരിചയപ്പെടുത്തും. നഗരവത്കരണത്തിലൂടെ നശിപ്പിച്ച പ്രദേശം രണ്ടു പക്ഷികളുടെ പ്രയത്നത്തിലൂടെ വീണ്ടും ഹരിതാഭമാക്കുന്നതെങ്ങനെയെന്ന ആശയത്തിലാണ് കുട്ടികള്‍ അനിമേഷന്‍ ചിത്രങ്ങള്‍ തയാറാക്കുക. ആനിമേഷന്‍, പ്രോഗ്രാമിംഗ് വിഭാഗത്തിലായി പങ്കെടുക്കുന്ന പ്രോജക്റ്റ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ജില്ലയില്‍ 183 ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളിലായി 17789 അംഗങ്ങളുള്ളതില്‍ സ്കൂള്‍തല ക്യാമ്പുകളില്‍ നിന്ന് തെരഞ്ഞെടുത്ത 1216 കുട്ടികള്‍ ഉപജില്ലാ ക്യാമ്പുകളില്‍ പങ്കെടുക്കും.
അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടാതെയാണ് വിവിധ ബാച്ചുകളിലായി ക്യാമ്പുകള്‍ ക്രമീകരിച്ചിട്ടുള്ളത്.
ജില്ലയില്‍ നടക്കുന്ന ഉപജില്ലാ ക്യാമ്പില്‍ മികച്ച പ്രകടനം കാഴ്ചവക്കുന്ന 104 കുട്ടികളെ ഡിസംബറില്‍ നടക്കുന്ന ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കും.