ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാരിനെതിരായ ജനവികാരം: എന്‍.കെ. പ്രേമചന്ദ്രൻ
1481701
Sunday, November 24, 2024 6:37 AM IST
കൊല്ലം: സംസ്ഥാന ഭരണത്തിനെതിരായുളള ജനവികാരത്തിന്റെ പ്രത്യക്ഷമായ പ്രതിഫലനമായിരുന്നു കേരളത്തില്‍ നടന്ന മൂന്ന് ഉപതെരഞ്ഞെടുപ്പുകളിലും പ്രതിഫലിച്ചതെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി അഭിപ്രായപ്പെട്ടു.
ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് നിലവിലില്ലായെന്ന സിപിഎമ്മിന്റെ വാദം പരിഹാസ്യമാണ്. ചേലക്കര നിയോജക മണ്ഡലത്തില്‍ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കിട്ടിയ വോട്ടുകളില്‍ 17,000ത്തോളം വോട്ടാണ് ഇപ്രാവശ്യം നഷ്ടമായത്.
എന്നാല്‍ 2021 നെ അപേക്ഷിച്ച് യുഡിഎഫിന് 8611 വോട്ടുകള്‍ ഇപ്രാവശ്യം അധികമായി ലഭിച്ചു. ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമായി യുഡിഎഫിനും ബിജെപിക്കും വോട്ടിന്റെ എണ്ണത്തിലും ശതമാനത്തിന്റെ കണക്കിലും ചേലക്കരയില്‍ ഗണ്യമായ വര്‍ധനവുണ്ടായി.
പോളിംഗ് ശതമാനം കുറഞ്ഞിട്ടും വോട്ടിന്റെ എണ്ണത്തിലും ഭൂരിപക്ഷത്തിലും വമ്പിച്ച വര്‍ധനയാണ് വയനാട് ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫിനുണ്ടായത്.
ആറ് മാസം മുമ്പ് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ എല്‍ഡിഎഫിന് ലഭിച്ച 80,000ത്തോളം വോട്ടുകള്‍ ഇപ്രാവശ്യം കുറഞ്ഞു. പാലക്കാട് നിയോജക മണ്ഡലത്തില്‍ ചരിത്രപരമായ വോട്ടും ഭൂരിപക്ഷവും നേടി യുഡിഎഫ് വിജയിച്ചു. ഇതെല്ലാം കാണിക്കുന്നത് പിണറായി വിജയന് സർക്കാരിനെതിരെയുള്ള ജനവികാരമാണ്.
2026ല്‍ യുഡിഎഫ് അധികാരത്തിലെത്തുന്നതിന് കനത്ത ആത്മവിശ്വാസം നല്‍കുന്നതാണ് മൂന്ന് ഉപതെരഞ്ഞെടുപ്പുകളിലും ഉണ്ടായ ജനവിധിയെന്നും എന്‍.കെ. പ്രേമചന്ദ്രന് എംപി പറഞ്ഞു.