ചാത്തന്നൂരിൽ പൈപ്പ് പൊട്ടൽ പതിവായി; നാട്ടുകാർ വലയുന്നു
1481378
Saturday, November 23, 2024 6:13 AM IST
ചാത്തന്നൂർ: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി സർവീസ് റോഡിലേക്ക് മാറ്റി സ്ഥാപിച്ച ജല അഥോറിറ്റിയുടെ പൈപ്പുകൾ ടെസ്റ്റിംഗിനിടയിൽ പൊട്ടുന്നത് പതിവായി.
ഒരാഴ്ചയ്ക്കിടയിൽ മൂന്ന് തവണയാണ് പൈപ്പ് പൊട്ടിയത്. ഓടയ്ക്ക് സമീപം പൈപ്പും കേബിളും ഇടുന്നതിന് സ്ഥലമില്ലാത്തത് മൂലം ജലഅഥോറിറ്റിയുടെ പൈപ്പുകൾ ഇടുന്നത് സർവീസ് റോഡിലാണ്. പരവൂർ, മൈലക്കാട്, കൊട്ടിയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന പ്രധാന പൈപ്പ് ലൈൻ ആണ് അടിക്കടി പൊട്ടുന്നത്.
സർവീസ് റോഡിന്റെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുബോൾ ആണ് ജല അഥോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടുന്നത്. ഇത് നിർമാണ പ്രവൃത്തിയെ ബാധിച്ചിട്ടുണ്ട്. ക്വാളിറ്റി കുറഞ്ഞ പൈപ്പുകൾ ഉപയോഗിച്ചതായ ആരോപണം ഉയർന്നു.
ഇതേ തുടർന്ന് ജി.എസ്. ജയലാൽ എംഎൽഎ എത്തി നിർമാണ പ്രവർത്തികൾ നിർത്തി വയ്പിക്കുകയും പൈപ്പ് ടെസ്റ്റിംഗിന് അയയ്ക്കാൻ തീരുമാനിക്കുകയും ചെയ്തു. പൈപ്പ് കടന്ന് പോകുന്ന സ്ഥലങ്ങളിലെ സർവീസ് റോഡിന്റെ നിർമാണ പ്രവർത്തികളും നിർത്തി വയ്പിച്ചു. പൈപ്പ് പൊട്ടിയത് മൂലം നിർമാണ കമ്പനിയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്.