"വര്‍ക്ക് നിയര്‍ ഹോം' പദ്ധതി : സമ്പത്ത് വ്യവസ്ഥയെ മെച്ചപ്പെടുത്തും: കെ.എന്‍. ബാലഗോപാല്‍
1481656
Sunday, November 24, 2024 6:28 AM IST
കൊട്ടാരക്കര: കേരളത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനും സമ്പത്ത് വ്യവസ്ഥയെ കൂടുതല്‍ മെച്ചപ്പെടുത്താനും 'വര്‍ക്ക് നിയര്‍ ഹോം' പദ്ധതിയിലൂടെ കഴിയുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. വൈജ്ഞാനിക തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വീടിനടുത്ത് തൊഴിലെടുക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനായി സര്‍ക്കാര്‍ ആരംഭിക്കുന്ന 'വര്‍ക്ക് നിയര്‍ ഹോം' പദ്ധതിയുടെ സംസ്ഥാനതല നിര്‍മാണോദ്ഘാടനം കൊട്ടാരക്കര ബിഎസ്എന്‍എല്‍ കെട്ടിടത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കോവിഡ് കാലത്താണ് പ്രത്യേകിച്ച് ഐടി മേഖലയില്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സൗകര്യം (വര്‍ക്ക് ഫ്രം ഹോം) നല്കുന്ന രീതി കൂടിയത്. തുടര്‍ന്നും ഈ രീതി പിന്തുടരുന്ന പ്രവണതയാണ്. എന്നാല്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന പരിമിതിയെ മറികടക്കാന്‍ 'വര്‍ക്ക് നിയര്‍ ഹോം' സംവിധാനത്തിലൂടെ സാധിക്കും. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ അടക്കമുള്ള സംരംഭങ്ങള്‍ക്കും, വിദൂരമായി ഇരുന്ന് ജോലികള്‍ ഏറ്റെടുത്ത് ചെയ്യുന്നതിന് വര്‍ക്ക് സ്പേസ് ശൃംഗല സ്ഥാപിക്കുകയാണ് ലക്ഷ്യം.
കോ-വര്‍ക്കിംഗ് സംസ്കാരം വളര്‍ത്താനും പദ്ധതി സഹായിക്കും. നിലവില്‍ 220 പേര്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കുന്ന വര്‍ക്ക് സ്റ്റേഷനാണ് സ്ഥാപിക്കുക. ഇതിനകം കൊട്ടാരക്കര ഐഎച്ച്ആര്‍ഡി കോളജില്‍ ആര് ആന്‍ഡ് ടി കേന്ദ്രം ആരംഭിച്ചു. 50,000 ചതുരശ്രയടിയുള്ള ഐടി പാര്‍ക്കിനുള്ള അനുവാദമായി. ഇത്തരത്തില്‍ കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിച്ചാല്‍ ചുറ്റുപാടുമുള്ള ആവാസ വ്യവസ്ഥയും ഐടി അനുബന്ധ മേഖലയായി വളരാന്‍ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഒരു വര്‍ഷത്തില്‍ 500 പേര്‍ക്കും അഞ്ചുവര്‍ഷത്തില്‍ ചുരുങ്ങിയത് 5000 പേര്‍ക്ക് ജോലി ചെയ്യാവുന്ന കേന്ദ്രമായി കൊട്ടാരക്കര മാറും. രാമനാട്ടുകരയിലും കളമശേരിയിലും 'വര്‍ക്ക് നിയര്‍ ഹോം' സംവിധാനം ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഇതിന് കൊട്ടാരക്കര മികച്ച മാതൃകയാകും. കൊല്ലത്ത് പ്രധാന ഐടി പാര്‍ക്ക് അനുബന്ധ മേഖല ആരംഭിക്കാനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായി മന്ത്രി വ്യക്തമാക്കി.
കൊട്ടാരക്കര നഗരസഭ ചെയര്മാന് എസ്.ആര്. രമേശ് അധ്യക്ഷനായി. 'വര്‍ക്ക് നിയര്‍ ഹോം' വെബ്സൈറ്റ് പ്രകാശനം ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപന്, കൊട്ടാരക്കര നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ വനജ രാജീവ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ്, വാര്‍ഡ് കൗണ്‍സിലര്‍ അരുണ്‍ കാടാംകുളം, കെ-ഡിസ്ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണന്,
കെഎസ്ഐടിഐഎല്‍ എംഡി ഡോ. സന്തോഷ് ബാബു, ടെക്ജെന്‍ഷ്യ സോഫ്റ്റ് വെയര്‍ ടെക്നോളജീസ് സിഇഒ ജോയ് സെബാസ്റ്റ്യന്‍, ഏണസ്റ്റ് ആന്‍ഡ് യംഗ് ഡയറക്ടര്‍ റിച്ചാര്‍ഡ് ആന്റണി, സോഹോ കോര്പ്പറേഷന് പ്രോഗ്രാം മാനേജര്‍ മഹേഷ് ബാല, കെ-ഡിസ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.എം. റിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.