ഡിഎംകെ ജില്ലാ സെക്രട്ടറിയെ മർദിച്ച കേസ് : നഗരസഭാ കൗണ്‍സിലറടക്കം നാലുപേര്‍ അറസ്റ്റില്‍
1481662
Sunday, November 24, 2024 6:28 AM IST
പുനലൂര്‍: ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) കൊല്ലം ജില്ലാ സെക്രട്ടറി പുനലൂര്‍ ചെമ്മന്തൂര്‍ മുരുകന്‍കോവില്‍ സതി സദനത്തില്‍ എസ്. രജിരാജി (45)നെ ക്രൂരമായി മര്‍ദിച്ച് പരിക്കേല്പിച്ച സംഭവത്തില്‍ പുനലൂര്‍ നഗരസഭാ കൗണ്‍സിലറടക്കം നാലുപേര്‍ അറസ്റ്റില്‍. രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു.
പത്തേക്കര്‍ വാര്‍ഡ് കൗണ്‍സിലറും കേരളാ കോണ്‍ഗ്രസ് -ബി പുനലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റുമായ പുനലൂര്‍ പത്തേക്കര്‍ ഷിബു വിലാസത്തില്‍ ഷൈന്‍ ബാബു (40), ചെങ്ങന്നൂര്‍ പെണ്ണുക്കര ശ്യാമളാലയത്തില്‍ ശരത് (30), ചെങ്ങന്നൂര്‍ കാരക്കാട് മുളക്കുഴ കൊല്ലന്തറയില്‍ വീട്ടില്‍ രാജേഷ് (38), ആലപ്പുഴ നൂറനാട് പടനിലം കാവുള്ളതില്‍ കിഴക്കതില്‍ രാകേഷ് (36) എന്നിവരാണ് അറസ്റ്റിലായത്.
സംഭവവുമായി ബന്ധപ്പെട്ട ഗൂഡാലോചനയില്‍ പങ്കെടുത്തെന്ന കുറ്റം ചുമത്തിയാണ് ഷൈന്‍ ബാബുവിനെ അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമത്തിലൂടെ ഷൈന്‍ ബാബുവിനെ അപമാനിച്ചതാണ് രജിരാജിനോട് വൈരാഗ്യത്തിനിടയാക്കിയതെന്നും മര്‍ദനത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഏഴോടെ ചെമ്മന്തൂര്‍ കോളജ് ജംഗ്ഷനിലാണ് ആക്രമണമുണ്ടായത്. നഗരത്തിലേക്ക് വരാന്‍ ബസ് കാത്തുനില്ക്കുമ്പോള് കാറിലെത്തിയ സംഘം രജിരാജിനെ വടിവാളും കമ്പിവടിയും കൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രജിരാജ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
രജിരാജിനെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തിലെ ഗൂഡാലോചന പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ 30-ന് പുനലൂരില്‍ ധര്‍ണ നടത്തും. തൂക്കുപാലത്തിന് സമീപം വൈകുന്നേരം നാലിനാണ് ധര്‍ണ. സംസ്ഥാന സെക്രട്ടറി കെ.ആര്. മുരുഗേശന്‍ ഉദ്ഘാടനം ചെയ്യും.