വ്യാജ മദ്യ ഉറവിടം കണ്ടെത്താന്‍ പരിശോധന നടത്തും
1465554
Friday, November 1, 2024 2:03 AM IST
കൊല്ലം: വ്യാജ മദ്യത്തിന്റെ ഉറവിടം കണ്ടെത്തുന്നതിന് പരിശോധന ശക്തമാക്കണമെന്ന് ജില്ലാതല ചാരായ നിരോധന ജനകീയ നിരീക്ഷണ സമിതി. ജില്ലാ കളക്ടര്‍ എന്‍. ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയത്.
പള്ളിമുക്ക്, അഴീക്കല്‍ പാലം, തീരപ്രദേശം, കിഴക്കന്‍ മലയോര പ്രദേശങ്ങള്‍, ട്രൈബല്‍ മേഖലകള്‍ കേന്ദ്രീകരിച്ച് പരിശോധന ഊര്‍ജിതമാക്കണം. തീരപ്രദേശങ്ങളില്‍ ലഹരി വിമുക്ത ബോധവത്ക്കരണ പരിപാടികള്‍ കാര്യക്ഷമമാക്കും. കുറുപ്പടിയില്ലാതെ മരുന്നുകളും ഗുളികകളും നല്കുന്നതിനെതിരേ പരിശോധന ശക്തമാക്കും.
സ്കൂള്‍തലത്തില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച ലഹരി വിരുദ്ധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് യോഗത്തില്‍ നിര്‍ദേശിച്ചു. ഒറ്റപ്പെട്ട ഇടങ്ങളില്‍, പ്രത്യേകിച്ച് രാത്രികാലങ്ങളില്‍, ലഹരി വസ്തുക്കളുടെ കച്ചവടം, ഉപഭോഗം വര്‍ധിക്കുന്ന സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പട്രോളിംഗ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു.
അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ നിരോധിത പുകയില ഉല്പന്നങ്ങളുടെ ഉപയോഗം സംബന്ധിച്ച് പരിശോധന കര്‍ശനമാക്കും. 155358 ടോള്‍ഫ്രീ നമ്പറില്‍ പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം.
1391 റെയ്ഡുകള്‍ ജില്ലയില്‍ നടത്തി. ചെക്ക് പോസ്റ്റുകളില്‍ ഉള്‍പ്പെടെ 5760 വാഹനങ്ങള്‍ പരിശോധിച്ചു. വിമുക്തിയുമായി ബന്ധപ്പെട്ട് 1621 പരിപാടികള്‍ നടത്തി. ഓണക്കാലം പ്രശ്ന രഹിതമാക്കുന്നതിന് മികച്ച പ്രവര്‍ത്തനം നടത്തിയ എക്സൈസ് വകുപ്പിനെ സമിതി അഭിനന്ദിച്ചു.ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി ജെ. ചിഞ്ചുറാണിയുടെ പ്രതിനിധി എസ് സന്ദീപ്, കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി ഏബ്രഹാം സാമുവല്‍, ഡിസ്ട്രിക്ട് ലേബര്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ജിഷ മുകുന്ദ്, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വൈ. ഷിബു, ജില്ലാതല ചാരായ നിരോധന ജനകീയ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.