വയോധികയെ പാറക്കല്ല് കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ മരുമകൾക്ക് ജീവപര്യന്തം
1465063
Wednesday, October 30, 2024 6:22 AM IST
കൊല്ലം: പൂത്തൂർ പൊങ്ങൻപാറയിൽ ആമ്പാടിയിൽ വീട്ടിൽ രമണിയമ്മയെ (69) പാറക്കല്ല് കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ മരുമകൾ ഗിരിതകുമാരി (45) യെ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു കൊണ്ട് കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് ഉത്തരവായി.
രമണിയമ്മയുടെ മൂന്ന് ആൺ മക്കളിൽ ഇളയ മകനായ വിമൽ കുമാറിന്റെ ഭാര്യയാണ് ഗിരിത കുമാരി. അയൽവാസിയായ യുവാവുമായുള്ള ബന്ധത്തെ എതിർത്തതിനെ തുടർന്നുള്ള വിരോധത്തെ തുടർന്നാണ് കൊലപാതകംനടത്തിയത്. 2019 ഡിസംബർ 11ന് ഉച്ചയ്ക്ക് 1.30ന് വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് ഉറങ്ങി കിടന്ന രമണിയമ്മയെ മുറ്റത്ത് നിന്ന് പാറക്കല്ല് ബിഗ്ഷോപ്പറിലാക്കി കൊണ്ടു വന്ന് തലയ്ക്കും മുഖത്തും ഇടിയ്ക്കുകയുമായിരുന്നു.
നിലവിളികേട്ട് ഓടിയെത്തിയവർ ബോധരഹിതയായ രമണിയമ്മയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സാഹചര്യതെളിവുകളും നിലവിളികേട്ട് ഓടിയെത്തിയ സാക്ഷികളുടെ മൊഴിയും പരിഗണിച്ചാണ് പ്രതിയെ കോടതി ശിക്ഷിച്ചത്.
പുത്തൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് അരുൺ, ശൈലേഷ് കുമാർ, എസ്ഐ രതീഷ്കുമാർ എന്നിവർ അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ ജി. മുണ്ടയ്ക്കൽ ഹാജരായി. പ്രോസിക്യൂഷൻ സഹായി സിപിഒ ദീപ്തി ആയിരുന്നു.