റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം: ശാസ്ത്രമേളകള്‍ ശാസ്ത്രബോധവും യുക്തിചിന്തയും വളര്‍ത്തും: മന്ത്രി
1465055
Wednesday, October 30, 2024 6:22 AM IST
രാജീവ് ഡി. പരിമണം
കൊല്ലം: വിദ്യാര്‍ഥികളില്‍ ശാസ്ത്രബോധവും യുക്തിചിന്തയും വികസിപ്പിക്കാനുള്ള പ്രധാന വേദിയാണ് സ്കൂളുകളിലെ ശാസ്ത്രമേളകളെന്ന് മന്ത്രി കെ. എന്‍ ബാലഗോപാല്‍. കൊല്ലം സെന്റ് ജോസഫ് കോണ്‍വെന്റ് എച്ച്എസ്എസില്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഇന്നത്തെ പല സാങ്കേതികവിദ്യകളും കണ്ടുപിടിച്ചത് കൗമാരക്കാര്‍ ഉള്‍പ്പെടുന്ന യുവ ജനതയാണ്. ഇത്തരം നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി വിവിധ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. വാണിജ്യപരമായി ഉപയോഗപ്പെടുത്താന്‍ കഴിയുന്ന പല കണ്ടുപിടിത്തങ്ങളില്‍ തുടര്‍പഠനവും ഗവേഷണവും നടത്താന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്ക് മികച്ച പിന്തുണയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
എം.മുകേഷ് എംഎല്‍എ അധ്യക്ഷനായി. വൊക്കേഷണല്‍ എക്സ്പോ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന് നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ എന്‍ ദേവിദാസ് മുഖ്യപ്രഭാഷണം നടത്തി. സ്ഥിരംസമിതി അധ്യക്ഷര്‍, കൗണ്‍സിലര്‍മാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.ഐ ലാല്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ശാസ്ത്രം, ഗണിതശാസ്ത്രം,സാമൂഹ്യശാസ്ത്രം, പ്രവ ൃത്തിപരിചയം, ഐ ടി മേളകളും വൊക്കേഷണല്‍ എക്സ്പോയുമാണ് രണ്ടുദിവസങ്ങളിലായി നടക്കുക. സെന്റ് ജോസഫിന് പുറമേ ക്രിസ്തുരാജ്, വിമല ഹൃദയ, സെന്റ് അലോഷ്യസ് എച്ച്എസ്എസ് എന്നിവയാണ് വേദികള്‍. സമാപനം ഇന്ന് വൈകുന്നേരം ആറിന് മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനാകും.