മാധ്യമങ്ങളില്ലാതെ ജനാധിപത്യത്തിന് നിലനില്പില്ല: ചൈത്ര തെരേസ ജോൺ
1465398
Thursday, October 31, 2024 6:31 AM IST
കൊല്ലം: ഉത്തരവാദിത്തബോധമുള്ള പൗരന്മാരെ സൃഷ്ടിക്കുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് കൊല്ലം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ. തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കൊല്ലം പ്രസ് ക്ലബുമായി ചേർന്ന് പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച ഏകദിന മാധ്യമ ശില്പശാല - വാർത്താലാപ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.
മാധ്യമങ്ങളില്ലാതെ ജനാധിപത്യത്തിന് നിലനില്പില്ലെന്നും സുതാര്യതയും വിവരങ്ങളുടെ കൃത്യമായ ഒഴുക്കും ഉറപ്പുവരുത്താൻ മാധ്യമങ്ങൾ ആവശ്യമാണ്. സമൂഹം ഏതു ദിശയിൽ നീങ്ങണമെന്ന് തീരുമാനിക്കുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കാണുള്ളതെന്ന് അവർ പറഞ്ഞു.
പിഐബി തിരുവനന്തപുരം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി. പളനിച്ചാമി അധ്യക്ഷത വഹിച്ചു.
മുതിർന്ന മാധ്യമ പ്രവർത്തകൻ ഇഗ്നേഷ്യസ് പെരേരയെ ചടങ്ങിൽ ആദരിച്ചു. പ്രസ് ഇൻഫർമേഷൻ ബ്യൂറോയ്ക്കു വേണ്ടി ചൈത്ര തെരേസ ജോൺ ഇഗ്നേഷ്യസ് പെരേരയ്ക്ക് ഉപഹാരം കൈമാറി. സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടർ വി. പാർവതി, കൊല്ലം പ്രസ് ക്ലബ് പ്രസിഡന്റ് ഡി. ജയകൃഷ്ണൻ, സെക്രട്ടറി സനൽ ഡി. പ്രേം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ഡോ. ഇംതിയാസ് അഹമ്മദ്, ടൂറിസം മന്ത്രാലയം അസിസ്റ്റന്റ് ഡയറക്ടർ എം. നരേന്ദ്രൻ, പള്ളിപ്പുറം ജയകുമാർ എന്നിവർ ക്ലാസ് നയിച്ചു. പിഐബി ഡെപ്യൂട്ടി ഡയറക്ടർ ഡോ. ആതിര തമ്പി, നീരജ് ലാൽ, രാഗേഷ് എന്നിവർ പ്രസംഗിച്ചു.