റോളർ സ്കേറ്റിംഗ് പരിശീലിപ്പിക്കാന്‍ സംവിധാനം വേണം: ഡോ. പി.കെ. ഗോപൻ
1465396
Thursday, October 31, 2024 6:31 AM IST
കൊല്ലം: ചെറിയ കുട്ടികൾ മുതൽ കൂടുതലായി പങ്കെടുക്കുന്ന റോളർ സ്കേറ്റിംഗ് കായിക പരിശീലനത്തിന് ജില്ലയിൽ മെച്ചപ്പെട്ട സംവിധാനം ഉണ്ടാകണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപൻ.
കൊല്ലത്ത് നടന്ന ജില്ലാ കേഡറ്റ് സബ് ജൂണിയർ, ജൂണിയർ, സീനിയർ, മാസ്റ്റേഴ്സ് റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആശ്രാമം ഹോക്കി സ്റ്റേഡിയം കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ റോളർസ്കേറ്റിംഗ് അസോസിയേഷൻ പ്രസിഡന്റ് എൻ. ശങ്കരനാരായണ പിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ആർ. ബാലഗോപാൽ, ജോയിന്റ് സെക്രട്ടറി പി. അശോകൻ, എക്സിക്യൂട്ടീവ് അംഗം എ. ശിവകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
റോളർ സ്കേറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ആർഎസ്എഫ്ഐ.) ദേശീയ റഫറിമാരായി തെരഞ്ഞെടുത്ത പി.ആർ. ബാലഗോപാൽ, എസ്.ബിജു, ആർ. അനുരാജ് പൈങ്ങാവിൽ, വിഷ്ണു വിശ്വനാഥ്, കഴിഞ്ഞ ദേശീയ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ റോളർ സ്കൂട്ടർ വിഭാഗത്തിൽ വെള്ളി, വെങ്കല മെഡലുകൾ നേടിയ ലക്ഷ്മി എസ്. ദത്ത്, ആർ.എസ്. അദ്വൈത് രാജ് എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മെമെന്റോ നൽകി ആദരിച്ചു.
ജില്ലാ ചാമ്പ്യൻഷിപ്പിലെ വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കെഡിആർഎസ്എ ജില്ലാ പ്രസിഡന്റ് ജോയിന്റ് സെക്രട്ടറി എന്നിവർ മെഡലുകൾ വിതരണം ചെയ്തു.