ടൗണിലെ പരസ്യബോർഡ് നീക്കം ചെയ്യണമെന്ന ആവശ്യം ശക്തം
1465542
Friday, November 1, 2024 2:02 AM IST
ശാസ്താംകോട്ട: ടൗണിൽ ട്രാഫിക് ഐലന്റിന് സമീപം കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിൽ നിന്നുള്ളപ്രകാശം മറച്ച് കൂറ്റൻ പരസ്യ ബോർഡ് സ്ഥാപിച്ചിട്ടും പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. ലൈറ്റ് മറച്ചു കൊണ്ടാണ് തൊട്ടരുകിലെ കടയുടെ മുകളിൽ കൂറ്റൻ പരസ്യ ബോർഡ് സ്ഥാപിച്ചത്.
ഇതോടെ പബ്ലിക്ക് മാർക്കറ്റിലും ആശുപത്രിയിലേക്കും ക്ഷേത്ര ഭാഗത്തേക്കുമുള്ള റോഡിൽ സന്ധ്യ കഴിഞ്ഞാൽ വെളിച്ചം കിട്ടാത്ത അവസ്ഥയാണ്.പഞ്ചായത്ത് കമ്മിറ്റിയിൽ നിരന്തരം ഈ വിഷയം ചർച്ച ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നീക്കം ചെയ്യാൻ പഞ്ചായത്ത് നോട്ടീസ് നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.
വളരെ ഉയരത്തിൽ അപകടകരമായ രീതിയിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. അടിയന്തരമായി പഞ്ചായത്ത് അധികൃതർ ഇടപെട്ട് ബോർഡ് നീക്കം ചെയ്യണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.