പടക്കം പൊട്ടിത്തെറിച്ചു യുവാവിന്റെ കൈപ്പത്തി അറ്റു
1465541
Friday, November 1, 2024 2:02 AM IST
വിഴിഞ്ഞം: ദീപാവലി ആഘോഷത്തിനിടെ പൊട്ടാതെ കിടന്ന പടക്കം കൈയിലെടുത്തതിനെ തുടർന്നു പടക്കം പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തി നഷ്ടമായി. മുല്ലുർ തലയ്ക്കോട് സ്വദേശി നയൻ പ്രഭാതിനാണ് (20) ദാരുണമായ അപകടം സംഭവിച്ചത്.
കഴിഞ്ഞദിവസം രാത്രി 10 മണിയോടെയായിരുന്നു അപകടം. വീട്ടുമുറ്റത്തു സുഹൃത്തുക്കളോടൊപ്പം ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുകയായിരുന്നു. ഇതിൽ വലിപ്പമുള്ള അമിട്ട് വിഭാഗത്തിലുള്ളവയിലൊന്ന് കത്തിച്ചു റോഡിലേക്ക് എറിഞ്ഞുവെങ്കിലും പൊട്ടിയിരുന്നില്ല. റോഡിലൂടെ ലോറി കടന്നുവരുന്നത് കണ്ടു കത്തിച്ചെറിഞ്ഞിരുന്ന പടക്കം ഓടിയെത്തി എടുത്തുമാറ്റാൻ ശ്രമിച്ചപ്പോൾ കൈയിലിരുന്നു പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ വലതുകൈയിലെ മാംസ ഭാഗങ്ങൾ ചിന്നിച്ചിതറി.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും തുന്നിച്ചേർക്കാൻ കഴിയാത്ത നിലയിൽ മാംസം ചിതറിയതിനാൽ കൈപ്പത്തി മുറിച്ചുമാറ്റുകയായിരുന്നു. ബന്ധുക്കൾ പറഞ്ഞു. നയൻ പ്രഭാത് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.