പാപ്പച്ചൻ കൊലപാതക കേസ് : മൂന്നാം പ്രതിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി
1465401
Thursday, October 31, 2024 6:38 AM IST
കൊല്ലം: ബിഎസ്എന്‍എല്‍ റിട്ട. ഉദ്യോഗസ്ഥൻ കൈരളിനഗര്‍ കുളിര്‍മയില്‍ സി. പാപ്പച്ചനെ (82) കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതി തേവള്ളി ചേരിയില്‍ ഓലയില്‍ കാവില്‍ വീട്ടില്‍ സരിതയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി.
കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജി. ഗോപകുമാറാണ് ജാമ്യാപേക്ഷ തള്ളിയത്. സംഭവത്തില്‍ സരിതയ്ക്ക് പങ്കില്ലെന്ന് ഹർജി പരിഗണിക്കവെ പ്രതിഭാഗം അഭിഭാഷകന് വാദിച്ചിരുന്നു.
ഇതിനെ പ്രോസ്ക്യൂഷന് ശക്തമായി എതിര്‍ത്തു. കൊലപാതകത്തില്‍ പ്രതിയുടെ പങ്ക് വെളിപ്പെടുത്തുന്ന കൃത്യമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന് വാദിച്ചു.
കേസിലെ രണ്ടാം പ്രതി കൊല്ലം ഈസ്റ്റ് ആശ്രാമം ശാസ്ത്രിനഗര്‍ പോളച്ചിറ പടിഞ്ഞാറ്റതില്‍ മാഹിന്‍ നല്കിയ ജാമ്യാപേക്ഷ വിധി പറയുന്നതിനായി കേസ് നവംബര്‍ നാലിലേക്ക് മാറ്റി. മാഹീന്റെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു.
കേസിലെ ഒന്നാം പ്രതി മുണ്ടയ്ക്കല്‍ ഉദയമാര്‍ത്താണ്ഡപുരം എഫ്എഫ്ആര്‍എ നഗര്‍ 12 അനിമോന് മന്‍സിലില്‍ (പുതുവല്‍ പുരയിടം) അനിമോന്(44) കഴിഞ്ഞ ദിവസം വീണ്ടും ജാമ്യാപേക്ഷ നല്കി. ഇത് അടുത്ത ദിവസം കോടതി പരിഗണിക്കും.
മേയ് 23 ന് ഉച്ചയ്ക്ക് ആശ്രാമം ശ്രീനാരായണ ഗുരു സമുച്ചയത്തിനു സമീപമുള്ള വിജനമായ റോഡില്‍ വച്ചാണ് അനിമോന് ഓടിച്ച കാറിടിച്ച് പാപ്പച്ചനു ഗുരുതരമായി പരുക്കേറ്റത്.
ചികിത്സയിലിരിക്കെ പാപ്പച്ചന് മരിച്ചു. പിതാവിന്റെ സാമ്പത്തിക ഇടപാടില്‍ സംശയം ഉന്നയിച്ച് പാപ്പച്ചന്റെ മകള്‍ നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണ് ആസൂത്രിതമായി നടത്തിയ കൊലപാതകമെന്നു തെളിഞ്ഞത്.