കോവിൽത്തോട്ടം വാർഡ് നിലനിർത്തണം: ഇടവക അജപാലന സമിതി
1465397
Thursday, October 31, 2024 6:31 AM IST
ചവറ: പഞ്ചായത്തീരാജ് സംവിധാനത്തിന്റെ ആരംഭഘട്ടത്തിൽ രൂപം നൽകിയ ചവറ കോവിൽത്തോട്ടം വാർഡ് നിലനിർത്തണമെന്ന് സെന്റ് ആൻഡ്രൂസ് ദേവാലയ ഇടവക അജപാലന സമിതി യോഗം ആവശ്യപ്പെട്ടു.
കരിമണൽ ഖനനത്തിന് വാർഡിൽ നിന്ന് താല്‍ക്കാലികമായാണ് ജനങ്ങളെ കുടിയൊഴിപ്പിച്ചത്. പുനരധിവാസത്തിനായി ഭൂമി ലഭിക്കുന്നതുവരെ താമസിക്കുന്ന വീടുകൾക്ക് വാടകയും നൽകി വരുന്നു. വീട് വിട്ടുപോയവർ തിരികെ വരും. പോയവരുടെ വോട്ടേഴ്സ് ലിസ്റ്റും റേഷൻ കാർഡും മറ്റു രേഖകളും കോവിൽത്തോട്ടം വാർഡിലാണ് തുടരുന്നത്.
കരാർ പ്രകാരം സമയബന്ധിതമായി ഭൂമി ലഭിച്ചെങ്കിൽ പ്രദേശം ജനവാസ മേഖലയാകുമായിരുന്നു. വ്യവസായ വികസനത്തിനായി ഭൂമി നൽകിയവർക്ക് ജന്മനാട്ടിലെ സമ്മതിദാനാവകാശം നിഷേധിക്കുന്നത് പ്രതിഷേധാർഹമാണ്. പൈതൃകങ്ങളായ ദേവാലയവും സെമിത്തേരിയും വാർഡിൽ നിലനിൽക്കുകയും എൽ പി സ്കൂൾ പുനർനിർമിക്കുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തിൽ കോവിൽത്തോട്ടം വാർഡിനെ സംരക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന ഇലക്ഷൻ കമ്മീഷൻ, ജില്ലാ കളക്ടർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് ഇടവകയുടെ ആഭിമുഖ്യത്തിൽ നിവേദം നൽകി.
യോഗത്തിൽ ഇടവക വികാരി ഫാ. മിൽട്ടൺ ജോർജ് അധ്യക്ഷനായി . ഫാ.പ്രേം ഹെൻട്രി, സിസ്റ്റർ സീമാ മേരി, അജപാലന സമിതി സെക്രട്ടറി റോബർട്ട് വാലന്റൈയിൻ, കോ-ഓർഡിറ്റേർ വർഗീസ് എം കൊച്ചുപറമ്പിൽ, യോഹന്നാൻ ആന്റണി, ബാബു ഐസക്ക്, വിൻസന്റ് ഡിക്രൂസ്, ജോർജ് സ്റ്റീഫൻ, ഫ്രാൻസിസ് വാലൃന്റൈയിൻ, മേഴ്സി പത്രോസ് എന്നിവർ പ്രസംഗിച്ചു.