കൃഷി ഉപേക്ഷിച്ച് കർഷകർ: പൂവറ്റൂരിലും കുളക്കടയിലും കാട്ടുപന്നി ശല്യം
1460777
Saturday, October 12, 2024 5:50 AM IST
കൊട്ടാരക്കര: കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കിഴക്കൻ മേഖലയിലെ കർഷകർ കൃഷി ഉപേക്ഷിക്കുന്നു. വരുമാന മാർഗം ഇല്ലാതാകുന്നതോടെ എങ്ങനെ മുന്നോട്ടു പോകുമെന്ന ആശങ്കയിലാണ് കർഷകർ.
കാട്ടുപന്നികൾ എല്ലാ കാർഷിക വിളകളും നശിപ്പിക്കുകയാണ്. ഏലാകളിലും കരഭൂമികളിലും കൃഷിയിറക്കിയ ചേന, ചേമ്പ്, മരച്ചീനി, വാഴ, കാച്ചിൽ, വഴുതന തുടങ്ങിയവയെല്ലാം രാത്രിയിലെത്തി നശിപ്പിക്കുകയാണ്.
പകൽ സമയങ്ങളിൽ റബർ തോട്ടങ്ങളിലും മറ്റും പതുങ്ങിക്കഴിയുകയാണ് ചെയ്യുന്നത്. രാത്രിയിൽ കൂട്ടത്തോടെ പുറത്തിറങ്ങി വിളകൾ നശിപ്പിക്കുന്നു. നിമിഷങ്ങൾ കൊണ്ടാണ് ഏക്കർകണക്കിന് സ്ഥലത്തെ കൃഷി നശിപ്പിക്കുന്നത്.
കർഷകർ ആദ്യഘട്ടങ്ങളിൽ രാത്രി കാലത്ത് വിളകൾക്ക് കാവൽ നിന്നു. എന്നാൽ പ്രയോജനമില്ലെന്ന് കണ്ടതോടെ നിർത്തുകയായിരുന്നു.
കർഷകരിൽ ഭൂരിപക്ഷവും വായ്പയെടുത്തും കടം വാങ്ങിയുമാണ് കൃഷിയിറക്കുന്നത്. വിളവെടുപ്പു കഴിയുമ്പോഴാണ് കടം തീർക്കുക. ഇപ്പോൾ കടം തീർക്കാൻ കഴിയാത്ത സ്ഥിതിയാണ് കർഷകർ.
കൃഷി നിർത്തുകയല്ലാതെ കർഷകർക്കു മുന്നിൽ മറ്റു മാർഗങ്ങളില്ല. കർഷകർ ദുരിതത്തിലായിട്ടും പഞ്ചായത്തുകൾ പന്നികളെ വെടിവച്ചു കൊല്ലാനോ പിടികൂടി വനത്തിൽ കൊണ്ടുവിടാനോ തയാറാകുന്നില്ല.