ദീർഘദൂര ബസുകളിൽ ശുചിമുറി വേണം: സീനിയർ സിറ്റിസൺ കൗൺസിൽ
1459515
Monday, October 7, 2024 6:21 AM IST
കുണ്ടറ: കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസ് നടത്തുന്ന ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ്, ഡീലക്സ്, ബസുകളിൽ ശുചിമുറി സൗകര്യം ഏർപ്പെടുത്തണമെന്ന് സീനിയർ സിറ്റിസൺ സർവീസ് കൗൺസിൽ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഏറെ മണിക്കൂറുകളോ ദിവസങ്ങളോ യാത്ര ചെയ്യേണ്ടിവരുന്ന യാത്രക്കാരാണ് ബസിൽ ടോയ് ലറ്റ് സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കണ്ടക്ടർക്കും ഡ്രൈവർക്കും താല്പര്യമുള്ള ഹോട്ടലുകളിലോ ഏറെ മണിക്കൂറുകളുടെ ഇടവേളകളിൽ കെഎസ്ആർടിസി സ്റ്റാൻഡുകളിലോ ബസ് നിർത്തും.
ബസ് അൽപ്പനേരം നിർത്തിയിട്ടാൽ തിക്കിലും തിരക്കിലുംപെട്ട് വയോജനങ്ങൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ കഴിയാതെ വരുന്നു. വനിതകളാണ് ഏറെ ബുദ്ധിമുട്ടുന്നത്.
ദീർഘദൂര സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളിൽ ടോയ് ലറ്റ് സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിവേദനം നൽകാൻ സീനിയർ സിറ്റിസൺ സർവീസ് കൗൺസിൽ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് ഡോ. വെള്ളിമൺ നെൽസൺ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി. രാമചന്ദ്രൻ പിള്ള, നീലേശ്വരം സദാശിവൻ, കെ.പി. ശങ്കരൻകുട്ടി, കെ.സി. ഭാനു, പ്രഫ. ജി. വാസുദേവൻ, കെ. വിജയൻ പിള്ള, എ.ജി. രാധാകൃഷ്ണൻ, കെ.എസ്. സുരേഷ് കുമാർ, ആർ. സുരേന്ദ്രൻ പിള്ള എന്നിവർ പ്രസംഗിച്ചു.