സ്ത്രീകള്‍ക്ക് അവകാശ അവബോധം ഉണ്ടാകണം: അഡ്വ. പി. സതീദേവി
1459291
Sunday, October 6, 2024 5:30 AM IST
കൊല്ലം: സ്ത്രീകള്‍ക്ക് സമൂഹത്തില്‍ നേരിടേണ്ടി വരാവുന്ന പ്രതിസന്ധികളെകുറിച്ചും നിയമപരമായി ലഭിക്കുന്ന പരിരക്ഷയെകുറിച്ചും കൃത്യതയുള്ള അവബോധം ഉണ്ടാവേണ്ടത് അനിവാര്യമാണെന്ന് വനിതാ കമ്മിഷന് ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി.
ജില്ലാ പഞ്ചായത്ത് ഹാളില്‍ സംസ്ഥാന വനിതാ കമ്മിഷനും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്നേക്കാവുന്ന ചൂഷണങ്ങള്‍ക്കെതിരേ നിലവില്‍ വന്ന പോഷ് ആക്ട് 2013 സ്ത്രീകള്‍ക്ക് നല്കുന്ന പരിരക്ഷയെ കുറിച്ച് വ്യാപകമായ ചര്‍ച്ചകള്‍ വേണം.
10 പേരില്‍ കൂടുതല്‍ ജീവനക്കാരുള്ള ഓഫീസുകളില്‍ ഈ നിയമപ്രകാരം നിര്‍ബന്ധമായും ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചിരിക്കണം. സൈബര്‍ ഇടങ്ങളിലെ അജ്ഞത കാരണം സ്ത്രീകള്‍ ചൂഷണങ്ങള്‍ക്ക് ഇരകളാകുന്ന പരാതികളും കമ്മീഷന് മുന്‍പാകെ ലഭിക്കുന്നുണ്ട്.
ഡിജിറ്റല്‍ സാക്ഷരത നേടുന്നതോടൊപ്പം പതിയിരിക്കുന്ന അപകടങ്ങളെകുറിച്ച് അറിഞ്ഞിരിക്കണമെന്നും അവർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപന് അധ്യക്ഷത വഹിച്ചു.
വനിതാ കമ്മിഷന് അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്, ഡയറക്ടര്‍ ഷാജി സുഗുണന്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വൈ. വിജയകുമാര്‍, സ്ഥിരം സമിതി അധ്യക്ഷര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.