നീണ്ടകര ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിൽ: സംരക്ഷണസമിതി
1458866
Friday, October 4, 2024 5:43 AM IST
ചവറ: നീണ്ടകര താലൂക്ക് ആശുപത്രിയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 2019ൽ 80 കോടി രൂപ ചെലവിൽ ഹൗസിംഗ് ബോർഡ് ഏറ്റെടുത്ത് തുടങ്ങിയ നിർമാണ പ്രവർത്തനം ഇഴഞ്ഞു നീങ്ങുന്നതായി ആശുപത്രി സംരക്ഷണ സമിതി ആരോപിച്ചു.
എല്ലാ ചികിത്സാ സൗകര്യങ്ങളും തടസപ്പെട്ടിരിക്കുകയാണ്. ആവശ്യത്തിന് ഡോക്ടർമാരേയും, സ്റ്റാഫിനേയും നിയമിക്കുന്നില്ല. അനുബന്ധ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നില്ല. ഡോക്ടർമാരെ വർക്കിംഗ് അറേഞ്ച്മെന്റിൽ മറ്റ് ആശുപത്രികളിലേക്ക് വിടുന്നതായി ആശുപത്രി സംരക്ഷണ സമിതി ആരോപിച്ചു.
എക്സ്-റേ, ഇ സി ജി, ലാബ്, ഫാർമസി തുടങ്ങിയവയുടെ പ്രവർത്തനവും അവതാളത്തിലാണ്. ഐസിയു ആംബുലൻസ് വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തുന്നില്ല.
രോഗികളെ റഫർ ചെയ്യുന്ന ആശുപത്രിയാക്കി മാറ്റിയിരിക്കുകയാണെന്നും ആശുപത്രി സംരക്ഷണ സമിതി ഭാരവാഹികളായ ചെയർമാൻ രാജീവൻ പിള്ളയും കൺവീനർ ഷാൻ മുണ്ടകത്തിലും പ്രസ്താവനയിൽ പറഞ്ഞു.