വീട്ടമ്മയെ കാർ കയറ്റിക്കൊന്ന കേസ് : പ്രതിഷേധത്തിനിടയിൽ ലോഡ്ജിലും വീടുകളിലും തെളിവെടുപ്പ് നടത്തി
1454955
Saturday, September 21, 2024 5:54 AM IST
കൊല്ലം: മൈനാഗപ്പള്ളിയില്‍ സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവത്തില്‍ പ്രതികളെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ശാസ്താംകോട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ആർ. നവീൻ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കരുനാഗപ്പള്ളിയിൽ പ്രതികൾ താമസിച്ച ലോഡ്ജിലും അപകടത്തിനുശേഷം പ്രതികൾ ഓടിക്കയറിയ വീട്ടിലും കാർ നൽകിയ സുഹൃത്തിന്റെ വീട്ടിലും തെളിവെടുപ്പ് നടത്തി.
സംഭവം നടന്ന വടക്കൻ മൈനാഗപ്പള്ളി ആനൂർക്കാവിൽ പ്രതികളെ രണ്ട് തവണ തെളിവെടുപ്പിന് കൊണ്ടുവന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് തെളിവെടുപ്പ് നടത്താൻ കഴിഞ്ഞില്ല. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ആദ്യം ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലെത്തിച്ചു. ഉച്ചകഴിഞ്ഞാണ് പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ചത്.
മരിച്ച കുഞ്ഞു മോളുടെ ബന്ധുക്കളും നാട്ടുകാരും അടക്കം വൻ ജനാവലി സ്ഥലത്ത് തടിച്ച് കൂടിയിരുന്നു. പ്രതികളുമായി എത്തിയ പോലീസ് വാഹനങ്ങൾ കണ്ടതോടെ ജനം രോഷാകുലരായി മുന്നോട്ട് വന്നു. പ്രതികൾക്കു നേരെ ആക്രോശം ഉയർന്നതോടെ പോലീസ് പ്രതികളെ വാഹനങ്ങളിൽ നിന്ന് പുറത്തിറക്കിയില്ല. ഏറെ നേരം കാത്തുനിന്നിട്ടും ജനക്കൂട്ടം ശാന്തരായില്ല.
അതിനാൽ പ്രതികളുമായി പോലീസ് മടങ്ങിപോയി. പിന്നീടാണ് പ്രതികൾ താമസിച്ചിരുന്ന കരുനാഗപ്പള്ളിയിലെ ഹോട്ടൽ മുറിയിൽ തെളിവെടുപ്പ് നടത്തിയത്. ആനൂർക്കാവിൽ തെളിവെടുപ്പിന് വീണ്ടും എത്തിച്ചെങ്കിലും പ്രതിഷേധം ഉയർന്നതിനാൽ തെളിവെടുപ്പ് നടത്താനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങൾക്കാണ് പോലീസ് ഉത്തരം കണ്ടെത്തേണ്ടത്. ഒന്നാം പ്രതി അജ്മലിന്റെ മൊബൈൽ ഫോൺ കണ്ടെത്തുക, പ്രതികളുടെ വിരലയാളം പരിശോധിക്കുക, മദ്യപിച്ച സ്ഥലങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുക, പ്രതികൾ ലഹരി ഉപയോഗിക്കുന്നവരാണെന്ന്തെളിഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ലഹരിയുടെ ഉറവിടം കണ്ടെത്തുക തുടങ്ങിയ കാര്യങ്ങൾ പോലീസിനു മുന്നിലുണ്ട്.
ഇന്നലെ രാവിലെ പത്തോടെയാണ് ഒന്നാം പ്രതി അജ്മലിനെ കോടതിയിൽ ഹാജരാക്കിയത്. തുടർന്നാണ് രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയെ ഹാജരാക്കിയത്. വാദത്തിനിടെ അജ്മൽ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കാണാമായിരുന്നു കറുത്ത വസ്ത്രം ധരിച്ച് ഷാൾ കൊണ്ട് മുഖം മറച്ചാണ് ശ്രീക്കുട്ടിയെ കോടതിയിൽ കൊണ്ടുവന്നത്. ശക്തമായ പോലീസ് കാവലിലാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്.
22 ന് വൈകുന്നേരം അഞ്ചിന് പ്രതികളെ കോടതിയിൽ തിരികെ ഹാജരാക്കം. ഒന്നാം പ്രതി അജ്മലിന് വേണ്ടി നിഥിൻ ഘോഷും രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയ്ക്ക് വേണ്ടി സജീന്ദ്രനും ഹാജരായി.