ആറ്റിൽ ചാടിയ വിദ്യാർഥിനിയെ അച്ഛനും മകളും ചേർന്ന് രക്ഷപെടുത്തി
1477984
Sunday, November 10, 2024 6:49 AM IST
കൊട്ടാരക്കര: കുന്നത്തൂർ പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടിയ വിദ്യാർഥിനിയെ രക്ഷപ്പെടുത്തി അച്ഛനും മകളും. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം.16 വയസ് പ്രായം തോന്നിക്കുന്ന കുന്നത്തൂർകാരിയായ പെൺകുട്ടിയാണ് പാലത്തിൽനിന്നും ചാടിയത്.
നീന്തൽ വശമുളള പെൺകുട്ടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ബഹളം കേട്ടതിനെ തുടർന്ന് സമീപവാസിയായ കരിമ്പിൻപുഴ വടക്കേതിരുവാറ്റ വീട്ടിൽ അനിൽ കുമാറും (ബാബു) മകൾ ഡിഗ്രി വിദ്യാർഥിനിയായ അനഘയും എത്തി.
തുടർന്ന് ബാബു ആറ്റിൽ ഇറങ്ങിയശേഷം മകളുടെ സഹായത്തോടെ നീളമേറിയ മുള പെൺകുട്ടിക്ക് അരികിലേക്ക് ഇട്ടു കൊടുത്ത് കുട്ടിയെ കരയിൽ എത്തിക്കുകയായിരുന്നു. വിവരം അറിഞ്ഞ് ശാസ്താംകോട്ടയിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റും പുത്തൂർ പോലീസും കുട്ടിയുടെ ബന്ധുക്കളും സ്ഥലത്ത് എത്തിയിരുന്നു. പിന്നീട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.