അയത്തിൽ ബൈപ്പാസ് ജംഗ്ഷനിൽ ദേശീയപാതയ്ക്കായി കുഴിയെടുത്തു; ഗതാഗതക്കുരുക്കിൽ ജനം വലഞ്ഞു
1477991
Sunday, November 10, 2024 6:49 AM IST
കൊട്ടിയം: ദേശീയപാത പുനർനിർമാണത്തിനായി അയത്തിൽ ബൈപ്പാസ് ജംഗ്ഷനിൽ കുഴിയെടുത്തത് ഏറെ നേരം ഗതാഗതക്കുരുക്കിന് കാരണമായി. സ്വകാര്യ ബസ് യാത്രക്കാർ ഏറെ വലഞ്ഞു. പല ബസുകളുടേയും ട്രിപ്പുകൾ മുടങ്ങി. ട്രയിനിൽ പോകേണ്ട പല യാത്രക്കാർക്കും ട്രയിൻ ലഭിക്കാത്ത അവസ്ഥയുണ്ടായി.
ഇന്നലെ രാവിലെയാണ് കണ്ണനല്ലൂർ റോഡ്, ബൈപ്പാസ് റോഡിൽ സന്ധിക്കുന്നിടത്ത് വലിയ കുഴി എടുത്തത്. രാത്രിയിലായിരുന്നു കുഴിയെടുത്തത്. രാവിലെ കൊല്ലത്തേക്ക് ബസുകളെത്തുന്പോൾ കുഴി കാരണം അവിടെ തിരിയാൻ പറ്റാത്ത അവസ്ഥയായിരുന്നു.
നിർമാണം പൂർത്തിയായ പാലത്തിന്റെ അടിവശം അടച്ചിരുന്നതിനാൽ വാഹനങ്ങൾക്ക് നേരേ പോകാനും കഴിയില്ല. കുഴിക്ക് സമീപം വളരെ പാടുപെട്ട് സമയമെടുത്താണ് പല ബസുകളും തിരിഞ്ഞു പോയത്. രാവിലെ എട്ട് ആയപ്പോഴേക്കും ഒറ്റ വാഹനത്തിനും പോകാൻ പറ്റാത്ത രീതിയിൽ ജംഗ്ഷനിൽ കുരുക്കായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഏറെനേരം പണിപ്പെട്ടിട്ടും ഗതാഗത കുരുക്കഴിക്കാനായില്ല.
തുടർന്ന് പോലീസും നാട്ടുകാരും കരാർ കമ്പനിയുമായി ബന്ധപ്പെടുകയും 10.30 ഓടെ കുഴി അടയ്ക്കുകയും ചെയ്തു. തുടർന്ന് ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമായി.