പെണ്‍സുഹൃത്തുമായി ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമം; ഒളിവില്‍ കഴിഞ്ഞ യുവാവ് പിടിയില്‍
1452484
Wednesday, September 11, 2024 5:51 AM IST
കടയ്ക്കല്‍: പെണ്‍സുഹൃത്തുമായി ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവ് പിടിയിലായി. ചിതറ ചല്ലിമുക്ക് ഷൈനി ഭവനില്‍ സതീഷാ(ജോഷി - 37)ണ് പിടിയിലായത്. സതീഷ് ഭാര്യ സായൂജ്യയെ സുഹൃത്തായ സുജിതയുമായി ചേര്‍ന്നാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
കഴിഞ്ഞ ജനുവരി 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സതീഷ് തന്റെവീട്ടില്‍ ഒളിവിലുണ്ടെന്ന് പറഞ്ഞ് സുജിത, സായൂജ്യയെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ചേര്‍ന്ന് സായൂജ്യയെ ക്രൂരമായി ആക്രമിക്കുകയും നിലത്തിച്ച് ചവിട്ടുകയും കത്തി ഉപയോഗിച്ച് വെട്ടികൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.
നാട്ടുകാരുടെ സഹായത്തോടെയെണ് സായൂജ്യ അന്ന് അവിടെ നിന്ന് രക്ഷപ്പെട്ടത്. തുടര്‍ന്ന് ഇവര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സംഭവത്തിന് ശേഷം സതീഷും സുജിതയും ഒളിവില്‍ പോയിരുന്നു.
അന്വേഷണത്തിനിടെ മാര്‍ച്ചില്‍ സുജിതയെ അറസ്റ്റ് ചെയ്തു. ശേഷം ജാമ്യത്തില്‍ ഇവരെ വിട്ടയച്ചു. സതീഷിനെ കണ്ടെത്താനുള്ള അന്വേഷണവും പോലിസ് ശക്തമാക്കിയിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി ഹൈക്കോടതിയില്‍ അടക്കം ഇയാള്‍ ശ്രമിച്ചിരുന്നു.
എന്നാല്‍ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. തുടര്‍ന്ന് ഇയാളെ കടയ്ക്കല്‍ പോലിസ് അറസ്റ്റ ചെയ്യുകയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത സമയത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെപേരില് സതീഷ് പോക്സോ കേസില്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് മൂന്ന് വര്‍ഷത്തിന് ശേഷം അതേ പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍സുഹൃത്തുമായി ചേര്‍ന്ന് ഭാര്യയെ ക്രൂരമര്‍ദനത്തിനിരയാക്കിയത്.
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഒന്നാംപ്രതി സതീഷും രണ്ടാം പ്രതിയായ പെണ്‍സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ചതെന്നാണ് കേസ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
അതേസമയം, നിരവധി കേസിലെ പ്രതിയാണ് അറസ്റ്റിലായ സതീഷ്. കടയ്ക്കല്‍ പോലിസ് സ്റ്റേഷനില്‍ നാലും ചിതറ സ്റ്റേഷനില്‍ രണ്ടും പാങ്ങോട്, വലിയമല പോലിസ് സ്റ്റേഷനുകളില്‍ ഒരോ കേസ് വീതവും നിലവിലുണ്ട്. പോക്സോ കേസ് ഉള്‍പ്പെടെ സത്രീപീഡന കേസുകളാണ് കൂടുതലും.