തൃക്കണ്ണാപുരം സ്കൂൾ വിദ്യാർഥികൾ കോട്ടുക്കൽ കൃഷി ഫാം സന്ദർശിച്ചു
1452480
Wednesday, September 11, 2024 5:51 AM IST
തൃക്കണ്ണാപുരം: കർഷക ദിനത്തിന്റെയും യുപി ക്ലാസുകളിലെ ശാസ്ത്രപഠനത്തിന്റെയും ഭാഗമായി കാർഷിക മേഖലയിലെ ആധുനിക സാങ്കേതികവിദ്യകളും കൃഷി രീതികളും നേരിട്ട് കണ്ടു മനസിലാക്കുന്നതിനും പഠിക്കുന്നതിനും ആയി കോട്ടുക്കൽ ജില്ലാ കൃഷി ഫാം സന്ദർശിച്ച് തൃക്കണ്ണാപുരം എസ്എംയു പിഎസിലെ വിദ്യാർഥികൾ.
ആധുനിക സാങ്കേതിക വിദ്യകളുടെയും കാർഷിക രീതികളുടെയും കടന്നുവരവിന്റെ ഭാഗമായി കാർഷിക മേഖലയിൽ ഉണ്ടായ വിപ്ലവകരമായ മാറ്റങ്ങൾ യുപി വിഭാഗം ശാസ്ത്ര പാഠ്യപദ്ധതിയുടെ ഭാഗമായി കുട്ടികൾ ക്ലാസുകളിൽ പഠിച്ചിരുന്നു.
ശാസ്ത്ര പഠനത്തിന്റെ ഭാഗമായി കുട്ടികൾ മനസിലാക്കിയ ഇത്തരം കാര്യങ്ങൾ നേരിട്ട് കണ്ടു മനസിലാക്കുന്നതിനു വേണ്ടിയായിരുന്നു കോട്ടുക്കൽ ജില്ലാ കൃഷി ഫാമിലേക്ക് ഒരു ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചത്.
ജില്ലാ കൃഷി ഫാമിൽ എത്തിയ കുട്ടികൾ ബഡിംഗ്, ലയറിങ്, ഗ്രാഫ്റ്റിംഗ്, ടിഷ്യൂ കൾച്ചർ തുടങ്ങി വ്യത്യസ്തമായ ആധുനിക കൃഷി രീതികൾ നേരിട്ട് കണ്ട് മനസിലാക്കുകയും ഇതിന്റെ പ്രയോജനങ്ങളും സാധ്യതകളും തിരിച്ചറിയുകയും ചെയ്തു.
വ്യത്യസ്ത കൃഷി രീതികൾ, കാർഷിക മേഖലയിലെ ആധുനിക സാങ്കേതിക വിദ്യകൾ, ആധുനിക കാർഷിക ഉപകരണങ്ങൾ എന്നിവ കാണുവാനും പരിചയപ്പെടാനും കുട്ടികൾക്ക് ഈ സന്ദർശനത്തിലൂടെ അവസരം ലഭിച്ചു.
സുമിത് സാമുവൽ, ബിന്ദു ,വി.സീമ എന്നിവർ പ്രവർത്തനത്തിന് നേതൃത്വം നൽകി.