ഫാത്തിമ മാതാ കോളജിൽ അധ്യാപക ദിനം ആചരിച്ചു
1451090
Friday, September 6, 2024 6:15 AM IST
കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളജിലെ പിജി ദിനാഘോഷവും അധ്യാപക ദിനാചരണവും ഡെപ്യൂട്ടി കളക്ടർ ജി. നിർമൽ കുമാർ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സിലബസിലേക്ക് ചുരുങ്ങുന്ന പഠന പദ്ധതിയാണെന്നും ബിരുദ ബിരുദാനന്തര വിഷയങ്ങളോട് ഗവേഷണാത്മക പ്രണയമാണ് വിദ്യാർഥികൾ പുലർത്തേണ്ടതെന്നും മുഖ്യപ്രഭാഷണം നടത്തിയ മുൻ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാർ പറഞ്ഞു.
കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ പ്രഫ. സിന്ധ്യ കാതറിൻ മൈക്കിൾ അധ്യക്ഷത വഹിച്ചു. കോളജ് മാനേജർ റവ. ഡോ. അഭിലാഷ് ഗ്രിഗറി അനുഗ്രഹപ്രഭാഷണം നടത്തി. പിടിഎ വൈസ് പ്രസിഡന്റ് സുനിൽ ലാവോസ്, പ്രഫ. സുപ്രിയ, മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു.
ഗവേഷണാത്മക പഠന സെമിനാറിൽ സയൻസ് വിഭാഗത്തിൽ കേരള സയൻസ് അക്കാഡമി പ്രസിഡന്റ് ഡോ. ജി.എം. നായർ, കേരള സർവകലാശാല മലയാള വിഭാഗം മേധാവി ഡോ. സീമ ജെറോം എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു. കോളജ് ഐക്യുഎസിയുടേയും പിടിഎയുടേയും സംയുക്താഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.