പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് ഷിബു ബേബിജോൺ
1451087
Friday, September 6, 2024 6:12 AM IST
കൊല്ലം: സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങള്‍ ഭരണകക്ഷി എംഎല്‍എ പി.വി അന്‍വര്‍ തന്നെ ഉന്നയിച്ച സാഹചര്യത്തില്‍ പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഭരണകക്ഷി എംഎല്‍എ ആക്ഷേപവുമായി മുന്നോട്ടുവന്നിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനും ആഭ്യന്തര വകുപ്പിനും എതിരേയാണ് ആരോപണങ്ങള്‍. ഒരുഭാഗത്ത് അന്‍വറിനെ തൃപ്തിപ്പെടുത്തി മറുഭാഗത്ത് മുഖ്യമന്ത്രിക്ക് വേണ്ടി വിടുപണി ചെയ്യുന്ന ഉദ്യോഗസ്ഥരെ കൈവിടാനാകാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രി. എന്തൊക്കെയോ മറച്ചു വയ്ക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു.
എം.ആര് അജിത്കുമാറിന്റെ മാതൃകാ പുരുഷന് ദാവൂദ് ഇബ്രാഹീം ആണെന്നു അന്‍വര്‍ പറഞ്ഞത് എഡിജിപിയെ സംരക്ഷിക്കുന്ന പിണറായി വിജയനെ കുറിച്ചാണ്.
അജിത്കുമാറിനെതിരായ അന്വേഷണം പ്രഹസനമാണ്. അന്‍വറിന്റെ വാക്കില്‍ ഒരു കണികയെങ്കിലും സത്യമുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തു തുടരാന്‍ പിണറായി വിജയന് നിയമപരമായും ധാര്‍മികമായും അവകാശമില്ലെന്നും ഷിബു പത്രസമ്മേളനത്തില്‍ പറഞ്ഞു.