ചരക്കു വാഹനങ്ങളിൽ നിന്ന് പണം കവർച്ച; രണ്ടു പേർ പിടിയിൽ
1443673
Saturday, August 10, 2024 5:57 AM IST
കൊട്ടാരക്കര: രാത്രിയിൽ യാത്ര ചെയ്യുന്ന ചരക്കു വാഹനങ്ങളിൽ നിന്ന് പണം കവർച്ച ചെയ്തു വന്ന രണ്ടു പേരെ കൊട്ടാരക്കര പോലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം തോന്നക്കൽ മംഗലപുരം സമീർ മൻസിലിൽ ബിനു (48), തോന്നക്കൽ രോഹിണിയിൽ അനീഷ് (29) എന്നിവരാണ് അറസ്റ്റിലായത്.
തെക്കൻ ജില്ലകളിലെ ഹൈവേകളും പ്രധാന റോഡുകളും കേന്ദ്രീകരിച്ചായിരുന്നു കവർച്ച നടത്തിവന്നിരുന്നത്. രാത്രി കാലങ്ങളിൽ സഞ്ചരിക്കുന്ന ചരക്കു വാഹനങ്ങൾ സൗകര്യപ്രദമായ സ്ഥലത്ത് നിർത്തിയിട്ടശേഷം ജീവനക്കാർ ഉറങ്ങുന്ന സമയത്താണ് സ്ഥിരമായി കവർച്ച നടത്തി വന്നത്.
വർഷങ്ങളായി ഇത് തുടർന്നു വരികയായിരുന്നു. ഒട്ടനവധി കവർച്ചകളാണ് തെക്കൻ ജില്ലകളിൽ ഇവർ നടത്തിയിട്ടുള്ളത്. ആറ്റിങ്ങൽ കോരാണിയിയിൻ ഇതിലൊരു പ്രതി നിർമിച്ചിരുന്ന ആഡംബര വീട്ടിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
നാലു ദിവസം മുൻപ് കൊട്ടാരക്കരയിൽ നിർത്തിയിട്ടിരുന്ന തമിഴ്നാട്ടിൽ നിന്നെത്തിയ മുട്ട വണ്ടിയിൽ നിന്ന് 2.25 ലക്ഷം രൂപയും എഴുകോണിൽ നിർത്തിയിട്ടിരുന്ന പോത്തുവണ്ടിയിൽ നിന്ന് 85000 രൂപയും നഷ്ടമായിരുന്നു.
തൊഴിലാളികൾ പോലീസിൽ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.
ഇവർ പല സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം നടത്തിയത്. നിരവധി പേരെ ചോദ്യം ചെയ്യുകയും നിരീക്ഷണം ഏർപ്പെടുത്തുകയുമുണ്ടായി. അഞ്ഞൂറിലധികം സിസിടിവികൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ മോഷ്ടാക്കൾ വാഹനത്തിലാണ് സഞ്ചരിക്കുന്നതെന്ന് വ്യക്തമായി.
എന്നാൽ രജിസ്ട്രേഷൻ നമ്പർ ലഭ്യമായില്ല. തുടർന്നു നടത്തിയ വിശദമായ അന്വേഷണത്തിൻ രജിസ്ടേഷൻ നമ്പർ ലഭ്യമായെങ്കിലും വാഹനം കണ്ടെത്താൻ പ്രയാസപ്പെട്ടു.
മോഷണത്തിനുശേഷം വാഹനം നിർത്താതെ ദീർഘദൂരം സഞ്ചരിക്കുന്നതായിരുന്നു ഇവരുടെ രീതി. മീൻ മൊത്തവ്യാപാരം നടത്തുന്നു എന്ന രീതിയിൽ ഒരു മിനിലോറിയിലായിരുന്നു സഞ്ചാരം.
ഒരു കവർച്ചക്കുശേഷം ദിവസങ്ങൾ കഴിഞ്ഞാവും ഇയാൾ നാട്ടിലെത്തുക. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്ഡ് ചെയ്തു.
അന്വേഷണത്തിന് കൊട്ടാരക്കര എസ്എച്ച് ഒ ജയകൃഷ്ണൻ, എസ്ഐ പ്രദീപ്, എഎസ്ഐ ഹരിഹരൻ, സിപിഒമാരായ മനു, കിരൺ, നഹസ്, രാജേഷ് ,നിഖിൽ തുടങ്ങിയവർ നേതൃത്വം നൽകി.