രുചിക്കൂട്ടുമായി കുട്ടികളൊരുക്കിയ ഫുഡ് ഫെസ്റ്റ് ശ്രദ്ധേയമായി
1435870
Sunday, July 14, 2024 3:32 AM IST
കൊട്ടാരക്കര : ഭക്ഷണ വൈവിധ്യവുമായി കോട്ടാത്തല പണയിൽ യുപി സ്കൂളിൽ കുട്ടിക്കൂട്ടമൊരുക്കിയ ഫുഡ് ഫെസ്റ്റിവൽ രുചി കൂട്ടുകളാൽ ശ്രദ്ധേയമായി.
അരകല്ലിൽ അരച്ച ചമ്മന്തി മുതൽ കുടംപുളിയിട്ട് വറ്റിച്ച ചൂരക്കറിയുൾപ്പടെ ഒരു ഭാഗത്ത് ഒരുക്കിയിരുന്നു. എട്ടുതരം പുട്ട്, കപ്പ, ചേന എന്നിവയുടെ പുഴുക്കുകളുടെ നിര വേറൊരിടത്ത്. മധുരം കിനിയും ലഡുവും കാരറ്റുൾപ്പടെ ആറുതരം പായസക്കൂട്ട് വേറൊരിടത്ത്.
തോരനും അവിയലും ഉപ്പിലിട്ടതുമൊക്കെയായി വിഭവങ്ങളുടെ നീണ്ട പട്ടിക നീളുന്നു.
അധ്യാപകരുടെ നിർദേശപ്രകാരം കുട്ടികൾതന്നെയാണ് ഇരുന്നൂറിൽപരം വിഭവങ്ങൾ തയാറാക്കി എത്തിച്ചത്.
ചിലർ രക്ഷിതാക്കളുടെ ഉപദേശം തേടിയിട്ടുണ്ടെങ്കിലും തവിയിൽ കൈതൊടാൻ അനുവദിച്ചിട്ടില്ല. ആറാം ക്ളാസുകാരി അഞ്ജന കപ്പ വേവിച്ചതും ചൂരക്കറിയും തനിയെ തയാറാക്കിയതിന്റെ അനുഭവം പങ്കിട്ടതും രോബിത്, കൃഷ്ണ പ്രിയ, അഭിഷേക്, ശ്രദ്ധ എന്നിവരുടെ രുചിവിഭവ വിശേഷങ്ങളുമൊക്കെ കാണാനെത്തിയവർക്കും രസാനുഭവമായി.
അഞ്ചാം ക്ളാസ് മുതൽ ഏഴാം ക്ളാസ് വരെയുള്ള കുട്ടികളാണ് സ്കൂളിന്റെ ഭാഗമായുള്ള ഗുരുദേവ കൺവൻഷൻ സെന്ററിൽ നടത്തിയ ഫുഡ് ഫെസ്റ്റിൽ പങ്കെടുത്തത്.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ നൂൺമീൽ ഓഫീസർ വി.എൽ. ബൈജു ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക എം.വി. മിനി, അധ്യാപകരായ എൻ. ബീന, ആർ. ദീപ, എസ്. ശ്രുതി, പി.ആർ. വിനായക് എന്നിവർ നേതൃത്വം നൽകി. കുട്ടികൾ വിവിധ തരം പൂക്കൾ ശേഖരിച്ചുകൊണ്ടുവന്നതും പ്രദർശിപ്പിച്ചു.