ആയിരങ്ങൾക്ക് ആവേശമായി കൊ ല്ലം പൂരം
1416536
Monday, April 15, 2024 11:52 PM IST
കൊല്ലം: ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ വിഷു ഉത്സവത്തിന്റെ സമാപനം കുറിച്ചുള്ള കൊല്ലം പൂരം ആയിരങ്ങൾക്ക് നയനാനന്ദകരമായ ദൃശ്യവിരുന്ന് ഒരുക്കി. അഴകിൻ പൂരത്തിന്റെ ആവേശക്കാഴ്ചകൾ കണ്ട് ദേശിംഗനാട് ആവേശ ലഹരിയിൽ ആറാടി. അതേ പൂരത്തിന്റെ ആരവവും ആഘോഷവും പൂത്തുലഞ്ഞത് നഗരവാസികൾക്ക് നവ്യ കാഴ്ചാനുഭഭവം തീർത്തു. പൂരക്കാഴ്ചകൾ ദർശിക്കാൻ എത്തുന്നവരുടെ തിരക്ക് ഇന്നലെ രാവിലെ മുതൽ തന്നെ കൊല്ലം നഗരത്തിൽ അനുഭവപ്പെട്ടു. അന്യ ജില്ലകളിൽ നിന്ന് അടക്കം ആയിരക്കണക്കിന് പൂരം ആസ്വാദകരാണ് ഇവിടേയ്ക്ക് ഒഴുകി എത്തുകയുണ്ടായത്.
നഗരത്തിലെ വീഥികളെല്ലാം വൈദ്യുത ദീപാലങ്കാരങ്ങളാൽ ആകർഷിതമായിരുന്നു. അതും കാഴ്ചക്കാർക്ക് പുത്തൻ അനുഭവമാണ് സമ്മാനിച്ചത്.
പൂരത്തിന് മുന്നോടിയായി രാവിലെ 13 ക്ഷേത്രങ്ങളിൽ നിന്നുള്ള ചെറുപൂരം എഴുന്നെള്ളത്ത് വാദ്യമേളങ്ങളുടെയും ഗജവീരന്മാരുടെയും അകമ്പടിയോടെ ക്ഷേത്ര സന്നിധിയിൽ എത്തി. തുടർന്ന് ആന നീരാട്ടും ആനയൂട്ടും നടന്നു. അതിനു ശേഷം പൂരത്തിൽ പങ്കെടുക്കുന്ന കലാകാരന്മാർക്കായി പൂരസദ്യയും ഒരുക്കി. പിന്നീടാണ് പൂരം ചടങ്ങുകൾ ആരംഭിച്ചത്. ക്ഷേത്ര സന്നിധിയിലായിരുന്നു കുടമാറ്റത്തിന്റെ തുടക്കം.
ആറാട്ടിന് പുറപ്പെടാൻ തിടമ്പേറ്റിയ ഗജവീരൻ ക്ഷേത്ര തിരുനടയിൽ എഴുന്നള്ളി നിൽക്കുമ്പോഴാണ് ഭക്തിസാന്ദ്രമായ കുടമാറ്റം തുടങ്ങിയത്. ക്ഷേത്ര തിരുമുമ്പിൽ അഞ്ച് ആനകൾ വീതം ഇരുവശത്തുമായി അണിനിരന്നു. തുടർന്ന് കുടമാറ്റം അരങ്ങേറി. ഇക്കുറി അഞ്ച് സെറ്റ് കുടകൾ വീതമാണ് മാറിയത്. ഒപ്പം തിരുമുമ്പിൽ മേളവും അരങ്ങേറി.
തുടർന്ന് താമരക്കുളം മഹാഗണപതിയുടെയും പുതിയകാവ് ഭഗവതിയുടെയും എഴുന്നെള്ളത്തും ആശ്രാമം മൈതാനത്ത് അണിനിരന്നു. ഇരു വിഭാഗവും മുഖാമുഖം നിന്ന് പതിനായിരങ്ങൾക്ക് ഹരം പകരുന്ന കുടമാറ്റക്കാഴ്ചകൾക്ക് തുടക്കമായി.
ഇത്തവണ 11 ആനകൾ വീതമാണ് ഇരുഭാഗത്തുമായി അണിനിരന്നത്. 15 സെറ്റ് കുടകൾ വീതം ഇരു വിഭാഗവും മാറി മാറി മത്സരബുദ്ധിയോടെ ഉയർത്തി. ഒപ്പം പൂരത്തിന്റെ മറ്റൊരു പ്രധാന ആകർഷണമായ മേളവും വിശാലമായ ആശ്രാമം മൈതാനിയിൽ കൊട്ടിക്കയറി.
ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെയും തൃക്കടവൂർ അനിലിന്റേയും നേതൃത്വത്തിലുള്ള 140-ൽ അധികം മേളക്കാർ പൂരപ്പറമ്പിൽ നാദവിസ്മയം തീർത്തപ്പോൾ മൈതാനം ആരാധകരുടെ ആവേശത്താൽ പ്രകമ്പനം കൊണ്ടു.
ഇതോടൊപ്പം നടന്ന തെയ്യം അടക്കമുള്ള നാടൻ കലാരൂപങ്ങളും ഇതര നൃത്തരൂപങ്ങളും അടക്കമുള്ളവ പൂരപ്രേമികൾക്ക് മനം നിറയ്ക്കുന്ന ദൃശ്യവിസ്മയക്കാഴ്ചകളാണ് സമ്മാനിച്ചത്. പൂരത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. പൂരം സമിതി ചെയർമാൻ ഡോ. ബി. രവിപ്പിള്ള ദീപം തെളിച്ചു. മന്ത്രി ജെ.ചിഞ്ചുറാണി മുഖ്യാതിഥിയായി പങ്കെടുത്തു. രാത്രി എട്ടോടെ പൂരം ചടങ്ങുകൾ സമാപിച്ചു. തുടർന്ന് ഒമ്പതിന് ക്ഷേത്ര സന്നിധിയിൽ തിരുവനന്തപുരം ജോസ്കോയുടെ ഗാനമേളയും 12 ന് കൊല്ലം തപസ്യ കലാസംഘത്തിന്റെ മീരാ മാധവം നൃത്തനാടകവും അരങ്ങേറി.