പുത്തൻതെരുവ് - തുറയിൽകടവ് റോ ഡ് അടച്ചത് പ്രതിഷേധത്തിനിടയാക്കി
1396705
Friday, March 1, 2024 11:19 PM IST
കരുനാഗപ്പള്ളി: ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് പ്രധാന റോഡുകൾ അടയ്ക്കുന്നതിനു മുന്നേ നാഷണൽ ഹൈവേയിലെ സർവീസ് റോഡുകൾ സഞ്ചാരയോഗ്യമാക്കിയും, ബദൽ സംവിധാനങ്ങൾ ഉണ്ടാക്കുമെന്ന വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് നാഷണൽ ഹൈവേ നിർമാണ കമ്പനി പ്രധാനപ്പെട്ട റോഡുകൾ അടച്ചുപൂട്ടുന്ന നടപടിയിൽ കെ എസ് പുരം പൗരസമിതി പ്രതിഷേധിച്ചു. നാഷണൽ ഹൈവേ നിർമാണ കമ്മിറ്റിയുടെ ഇടപ്പള്ളികോട്ട ഓഫീസിലാണ് പ്രതിഷേധിച്ചത്.
മുന്നൊരുക്കങ്ങൾ നടത്താതെ ഏറ്റവും പ്രധാനപ്പെട്ട റോഡായ പുത്തൻ തെരുവ് - തുറയിൽ കടവ് റോഡ് പുത്തൻ തെരുവ് ജംഗ്ഷനിൽ അടച്ചതിനെ തുടർന്ന് സ്കൂൾ ബസുകളും സർവീസു ബസുകളും ഉൾപ്പെടെ ഇതുവഴിയുള്ള എല്ലാ വാഹന ഗതാഗതങ്ങളും തടസപ്പെട്ടിരിക്കുകയാണ്.
പടിഞ്ഞാറൻ ഭാഗങ്ങളിലെ ജനങ്ങൾ കിലോമീറ്റർ ഓളം ഇടവഴികളിലൂടെ സഞ്ചരിച്ച് എത്തിയെങ്കിൽ മാത്രമേ ദേശീയപാതയിൽ പ്രവേശിക്കാൻ കഴിയുള്ളൂ.
ജനങ്ങൾ വലിയ ദുരിതമാണ് അനുഭവിക്കുന്നതെന്ന് പൗരസമിതി ചൂണ്ടിക്കാട്ടി. നാഷണൽ ഹൈവേ നിർമാണ കമ്പനിയുടെ എ ജെ എം അനിൽകുമാറുമായി പൗരസമിതി പ്രവർത്തകർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പുത്തൻതെരുവ് - തുറയിൽ കടവ് റോഡ് രണ്ടുദിവസത്തിനകം തുറന്ന പ്രവർത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയതായി പൗരസമിതി ഭാരവാഹികൾ അറിയിച്ചു. പൗരസമിതി പ്രസിഡന്റ് കെ എസ് പുരം സുധീറിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ അഫ്സൽ കെഎസ് പുരം, ഷാജി നീലികുളം, ലത്തീഫ്, രാജീവൻ, ബാബു തുടങ്ങിയവർ പങ്കെടുത്തു.