റെയിൽവേ ജനറൽ മാനേജരുമായി ചർച്ച നാളെ: ആവശ്യങ്ങളുടെ പട്ടികയുമായി യാത്രികർ
1394578
Wednesday, February 21, 2024 11:46 PM IST
കൊല്ലം: ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ. എൻ.സിംഗിന്റെ അധ്യക്ഷതയിൽ എംപിമാരുടെ യോഗം നാളെ തിരുവനന്തപുരം ഡിവിഷനിൽ നടക്കും. പാലക്കാട് ഡിവിഷനിൽ ഇന്നാണ് യോഗം.
തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്ന എംപിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർക്ക് വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനം യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് കൈമാറി.
നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഷയങ്ങൾ ജനറൽ മാനേജർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് അടിയന്തിരമായി പരിഹാരം കാണണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്.ദിവസവും യാത്ര ചെയ്യുന്നവർക്കായി കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിച്ച് നിലവിലുള്ള വണ്ടികളുടെ സമയം ബഫർ ടൈം കുറച്ച് പുനക്രമീകരിക്കുകയും ചെയ്യണമെന്നാണ് പ്രധാന ആവശ്യം.
തിരുവനന്തപുരത്തെ നേമം ടെർമിനൽ യാഥാർഥ്യമാക്കേണ്ടതിന്റെ ആവശ്യകതയും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഓഫീസ് - സ്കൂൾ പ്രവർത്തി ദിവസങ്ങളിലും സമയങ്ങളിലും യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ കൂടുതൽ മെമു സർവീസുകൾ പ്രധാനപ്പെട്ട എല്ലാ റൂട്ടുകളിലും ആരംഭിക്കണമെന്നാണ് മറ്റൊരു ആവശ്യം.
കൊല്ലത്തെ മെമു ഷെഡ് 16 കാർ ഷെഡായി ഉയർത്തുന്ന നടപടികൾ വേഗത്തിലാക്കി കൊല്ലം - പാലക്കാട് മെമു സർവീസ് പുതുതായി ആരംഭിക്കണം.
കോവിഡിന് മുമ്പ് നിർത്തലാക്കിയ പല സൗകര്യങ്ങളും ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. രാജ്യറാണി എക്സ്പ്രസിന്റേയും മറ്റ് പാസഞ്ചർ ട്രെയിനുകളുടെയും റദ്ദാക്കിയ സ്റ്റോപ്പുകൾ പുനസ്ഥാപിക്കണം.കോവിഡിന് മുമ്പ് മിനിമം ടിക്കറ്റ് നിരക്ക് 10 രൂപയായിരുന്നു. അത് മൂന്നിരട്ടിയാക്കിയെങ്കിലും നിരക്കിൽ ഇളവ് വരുത്താൻ റെയിൽവേ ഇതുവരെ തയാറായിട്ടില്ല. മുതിർന്ന പൗരന്മാർക്ക് അടക്കം ഉണ്ടായിരുന്ന എല്ലാ സൗജന്യങ്ങളും പുസ്ഥാപിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.
യാത്രക്കാരുടെ സുരക്ഷയ്ക്ക് മുന്തിയ പരിഗണന നൽകി എല്ലാ സ്റ്റേഷനുകളിലും ട്രെയിനുകളിലും സിസി ടിവി കാമറകൾ സ്ഥാപിക്കണം.
പാസഞ്ചർ അടക്കം എല്ലാ ട്രെയിനുകളിലെയും കമ്പാർട്ടുമെന്റുകളിൽ രാപകൽ വ്യത്യാസമില്ലാതെ പോലീസ് സാന്നിധ്യം ഉറപ്പാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.
വന്ദേഭാരത് എക്സ്പ്രസുകളുടെ അശാസ്ത്രീയ സമയക്രമം പരിഷ്കരിച്ച് മറ്റ് ട്രെയിനുകളിലെ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ ക്രമീകരിക്കണം.ആലപ്പുഴ റൂട്ടിൽ ഇരട്ടപ്പാതയ്ക്ക് വേണ്ടിയുള്ള നടപടികൾ ത്വരിതപ്പെടുത്തണം. ഈ മേഖലയിൽ നിലവിലുള്ള യാത്രാക്ലേശം പരിഹരിക്കാൻ ആലപ്പുഴ വഴി കൂടുതൽ സർവീസ് ആരംഭിക്കണം.
കോട്ടയം വഴി തിരുവനന്തപുരം ഭാഗത്തേയ്ക്ക് പരശുറാം എക്സ്പ്രസിന് ശേഷവും കേരളയ്ക്ക് മുമ്പും ഒരു ട്രെയിൻ കൂടി അനുവദിക്കണം.
രാത്രി പത്തിന് ശേഷം തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേയ്ക്ക് ട്രെയിൻ ഇല്ലാത്ത അവസ്ഥയുണ്ട്. ഈ റൂട്ടിൽ രാത്രി പുതുതായി ഒരു ട്രെയിൻ അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.
ട്രെയിനുകളിൽ കൂടുതൽ ജനറൽ - ഡീറിസർവ്ഡ് കോച്ചുകൾ അനുവദിക്കുക, എറണാകുളത്ത് മാർഷലിംഗ് യാർഡ് സ്റ്റേഷൻ അനുവദിക്കുക, സ്റ്റേഷനുകളുടെ വികസനം വേഗത്തിലാക്കുക, കൊച്ചുവേളി - മംഗലാപുരം അന്ത്യോദയ എക്സ്പ്രസ് പ്രതിദിന സർവീസ് ആക്കുക തുടങ്ങിയവയാണ് യാത്രക്കാർ ഉന്നയിക്കുന്ന മറ്റ് ആവശ്യങ്ങൾ.