മൺറോ തുരുത്ത് റെയിൽവേ മേൽപ്പാലം നിർമിക്കാൻ ടെൻഡറായി
1394574
Wednesday, February 21, 2024 11:46 PM IST
കുണ്ടറ :മൺട്രോത്തുരുത്ത് റെയിൽവേ സ്റ്റേഷനിലെ ഒന്നാമത്തെയും രണ്ടാമത്തെയും ഫ്ലാറ്റ് ഫോമുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഫുട് ഓവർ ബ്രിഡ്ജ് നിർമിക്കാൻ തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ടെൻഡർ വിളിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
മൺട്രോതുരുത്തിലെ റെയിൽവേ സ്റ്റേഷനിലെ ഒന്നും രണ്ടും ഫ്ലാറ്റ് ഫോമുകളുടെ ഉയരംവർധിപ്പിക്കുകയും ഫ്ലാറ്റ് ഫോമുകൾ നവീകരിക്കുകയും ചെയ്തതോടുകൂടി യാത്രക്കാർക്ക് റെയിൽവേ പാളത്തിലൂടെ കയറി ഇറങ്ങുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് റെയിൽവേ സ്റ്റേഷനുള്ളിൽ യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി നടപ്പാലം നിർമിക്കുന്നതെന്ന് എം പി അറിയിച്ചു.
മൺട്രോത്തുരുത്ത് റെയിൽവേ സ്റ്റേഷനിൽ ഒന്നും രണ്ടും ഫ്ലാറ്റ് ഫോമുകളുടെ ഉയരം കുറഞ്ഞതിനാൽ ബ്രോഡ് ഗേജ് ട്രെയിനുകളിൽ യാത്രക്കാർക്ക് കയറാൻ വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചു വരികയായിരുന്നു.
സ്ത്രീകൾക്കും കുട്ടികൾക്കും പ്രായം ചെന്നവർക്കും ഉയരം കുറഞ്ഞ ഫ്ലാറ്റ് ഫോമിൽ നിന്നും ട്രെയിനിനകത്തു കയറുവാനും ഇറങ്ങുവാനും ബുദ്ധിമുട്ടുകൾ അനുഭവിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് ട്രെയിനുകളുടെ വാതിലുകൾക്ക് സമാന്തരമായി ഫ്ലാറ്റ് ഫോമിന്റെ ഉയരം കൂട്ടിയത് .
ഇതിന്റെ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയും റെയിൽവേ സ്റ്റേഷന്റെ മുൻ വശം പാർക്കിംഗ് സൗകര്യത്തോട് കൂടി വികസിപ്പിക്കുകയും ചെയ്തു .ഏതാണ്ട് 5 കോടിയോളം രൂപയുടെ വികസനങ്ങളാണ് മൺട്രോത്തുരുത്ത് റെയിൽവേ സ്റ്റേഷനിൽ പൂർത്തീകരിച്ചിരിക്കുന്നത്.
പുതിയതായി നിർമിക്കുന്ന ഫുട് ഓവർ ബ്രിഡ്ജ് വഴിയാത്രക്കാർക്ക്നടന്ന് കയറാനും ഇറങ്ങാനും എളുപ്പത്തിൽ കഴിയുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു .മേൽപാലത്തിന്റെ നിർമാണത്തിനായി 3.5കോടി രൂപയാണ് റെയിൽവേ അനുവദിച്ചിരിക്കുന്നത്.മാർച്ച് മൂന്നിന് ടെൻഡർ പൊട്ടിച്ച് ഏറ്റവും കുറഞ്ഞ നിരക്കിൽ ടെൻഡറിൽഏർപ്പെട്ട കരാറുകാരനുമായി ഒപ്പിട്ട് റെയിൽവേ എൻജിനീയറിംഗ് വിഭാഗം മേൽപ്പാല നിർമാണം ആരംഭിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.