പ്രസിഡന്റ്സ് ട്രോ ഫി ജലോ ത്സവവും ചാമ്പ്യൻസ് ബോ ട്ട് ലീഗ് ഫൈനലും നാളെ
1376569
Thursday, December 7, 2023 11:52 PM IST
കൊല്ലം: ഒമ്പതാമത് പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) മൂന്നാം എഡിഷന്റെ ഫൈനലും കൊല്ലത്ത് അഷ്ടമുടിക്കായലിൽ നാളെ ഉച്ച കഴിഞ്ഞ് രണ്ടിന് നടക്കും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
ഇന്ത്യൻ എയർഫോഴ്സ് സതേൺ എയർ കമാൻഡിംഗ് ഇൻ ചീഫ് എയർ മാർഷൽ ബാലകൃഷ്ണൻ മണികണ്ഠൻ മുഖ്യാതിഥിയാകും.
സിബിഎൽ ഫൈനലിൽ ചുണ്ടൻ വള്ളങ്ങൾപങ്കെടുക്കും. 12 മത്സരങ്ങളിൽ നിന്നായിഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വള്ളത്തിന് സിബിഎൽ ട്രോഫിയും 25 ലക്ഷം രൂപ സമ്മാനത്തുകയും നൽകും . കൂടാതെ ഇന്ത്യൻ രാഷ്ട്രപതി ഏർപ്പെടുത്തിയ പ്രസിഡന്റ്സ് ട്രോഫിയും ആർ. ശങ്കർ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും സമ്മാനിക്കും.
രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 15ലക്ഷവും പത്ത് ലക്ഷവും രൂപ സമ്മാനത്തുകയും ട്രോഫിയും സമ്മാനിക്കും.
പ്രസിഡന്റ് സ് ട്രോഫിയുടെ ഭാഗമായി വനിതകൾ തുഴയുന്ന മൂന്ന് വള്ളങ്ങളുടെ അടക്കം ഒമ്പത് ചെറുവള്ളങ്ങളുടെ മത്സരവും നടക്കും.
ഉദ്ഘാടന സമ്മേളനത്തിന് മുമ്പായി വള്ളങ്ങളുടെ ദൃശ്യ സുന്ദരമായ മാസ് ഡ്രിൽ ഉണ്ടായിരിക്കും. ഇന്ത്യൻ എയർഫോഴ്സ് അവതരിപ്പിക്കുന്ന സാഹസിക അഭ്യാസപ്രകടനങ്ങൾ ഉദ്ഘാടന സമ്മേളനത്തിന് ആവേശം പകരും. സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ കരിമരുന്ന് പ്രയോഗം ഉൾപ്പെടെ പ്രത്യേക കലാസാംസ്കാരിക പരിപാടികളും കായലിൽ അരങ്ങേറും.
ഇക്കുറി സാങ്കേതിക മികവോടെയാണ് സ്റ്റാർട്ടിംഗ് - ഫിനിഷിംഗ് പോയിന്റുകൾ ക്രമീകരിച്ചിട്ടുള്ളത്. ഡിജിറ്റർ ടൈമറും സ്ഥാപിച്ചിട്ടുണ്ട്. ആയിരം മീറ്ററാണ് ട്രാക്കിന്റെ നീളം.മത്സരങ്ങൾക്ക് സംസ്ഥാന സർക്കാർ 12 കോടി രൂപയാണ് ചെലവഴിക്കുന്നത്. സിബിഎലിന്റെ 12-ാമത്തെ മത്സരം കൂടിയാണിത്.
സമ്മാനത്തുകയായി മാത്രം ചെലവഴിക്കുന്നത് 5.95 കോടി രൂപയാണ്. ഇന്ത്യയിൽ ഇത്രയും തുക ജലോത്സവങ്ങൾക്ക് സമ്മാനമായി നൽകുന്ന സംസ്ഥാനം കേരളമാണ്. വിവിധ സ്ഥലങ്ങളിൽ നടന്ന 12 മത്സരങ്ങൾക്ക് ശേഷമാണ് സിബിഎൽ ഫൈനൽ കൊല്ലത്ത് നടത്തുന്നത്. ആദ്യം ചുണ്ടൻ വള്ളങ്ങളുടെ മത്സരം. അത് കഴിഞ്ഞ് ചെറുവള്ളങ്ങളുടെ മത്സരം അരങ്ങേറും.
ജലോത്സവത്തിന് മുന്നോടിയായി ഇന്നലെ മുതൽ കൾച്ചറൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസിക്ക് മുന്നിലെ വേദിയിൽ കലാ, സാംസ്കാരിക പരിപാടികൾ അരങ്ങേറി. വിദ്യാർഥികളുടെ വഞ്ചിപ്പാട്ട് മത്സരം, കുരീപ്പുഴ ശ്രീകുമാർ നയിച്ച കവിയരങ്ങിൽ പെരുമ്പുഴ ഗോപാലകൃഷ്ണൻ , ഗണപൂജാരി,അപ്സര ശശികുമാർ തുടങ്ങി കവികൾ പങ്കെടുത്തു. പ്രശസ്ത ഗായകർ പങ്കെടുക്കുന്ന സൂപ്പർ ഹിറ്റ് ഗാനമേളയും നടന്നു.ആശ്രാമം മൈതാനത്ത് ഫുട്ബോൾ മത്സരവും വടംവലി മത്സരവും നടന്നു.
ഇന്ന് വൈകുന്നേരം നാലി മുതൽ കൊല്ലം ഗവ.ഗേൾസ് എച്ച്എസ്എസ് വിദ്യാർഥിനികളുടെ വിവിധ കലാപരിപാടികൾ. ആറു മുതൽ തിരുവനന്തപുരം തനിമ അവതരിപ്പിക്കുന്ന നാടൻ പാട്ടുകളും കൊടിയേറ്റും ഉൾപ്പെടെ കലാപരിപാടികൾ.
പത്ര സമ്മേളനത്തിൽ കളക്ടർ ദേവീദാസ്, എം .മുകേഷ് എംഎൽഎ , സിബിഎൽ ടെക്നിക്കൽ കമ്മിറ്റി അംഗങ്ങളായ ആർ.കെ. കുറുപ്പ്, മുൻ എംഎൽഎ കെ.കെ. ഷാജു, മീഡിയ കമ്മറ്റി കൺവീനർ സനൽ. ഡി പ്രേം എന്നിവർ പങ്കെടുത്തു.