കല്ലുവാതുക്കൽ പഞ്ചായത്തിൽ ശലഭോ ത്സവം സംഘടിപ്പിച്ചു
1374574
Thursday, November 30, 2023 1:00 AM IST
പാരിപ്പള്ളി: കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി കുരുന്നുകളുടെ കലാമേള ശലഭോത്സവം 23 എന്ന പേരിൽ സംഘടിപ്പിച്ചു. പാരിപ്പള്ളി കമ്യുണിറ്റി ഹാളിൽ നടന്ന വർണാഭമായ കലോത്സവം സംഘാടനം കൊണ്ടും പങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഗ്രാമപ്പഞ്ചായത്തതിർത്തിയിലെ 44 അങ്കണവാടികളിൽ നിന്നും 150 ഓളം കുട്ടികൾ ഇതിൽ മാറ്റുരച്ചു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ. ശാന്തിനി ശലഭോത്സവം ഉദ്ഘാടനം ചെയ്തു. അങ്കണവാടി ജീവനക്കാരും ജനപ്രതിനിധികളും ചേർന്ന് തയാറാക്കിക്കൊണ്ടുവന്ന ഉച്ച ഭക്ഷണവും ലഘു ഭക്ഷണങ്ങളും ഒരു നല്ല കൂട്ടായ്മ സൃഷ്ടിച്ചു. മത്സരവിജയികളോടൊപ്പം പങ്കെടുത്ത മുഴുവൻ കുരുന്നുകൾക്കും സമ്മാനം വിതരണം ചെയ്തു.
എൻ. കെ. പ്രേമചന്ദ്രൻ എം പി കുഞ്ഞുങ്ങളെ അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പ്രതീഷ് കുമാർ അധ്യക്ഷനായിരുന്നു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഡി. സുഭദ്രാമ്മ, ഐസിഡി എസ് സൂപ്പർ വൈസർ രജനി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രജിതകുമാരി , ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബൈജു ലക്ഷ്മണൻ, സെക്രട്ടറി ബിജു ശിവദാസൻ , ഗ്രാമപ്പഞ്ചായത്തംഗങ്ങളായ എസ്. വിജയൻ ഡി. എൽ .അജയകുമാർ , പി. പ്രമീള എന്നിവർ പ്രസംഗിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബി. ആർ . ദീപ, മേഴ്സി , സുദീപ , ഹരീഷ്, റീന മംഗലത്ത് ഉഷാകുമാരി . എൽ. ബിന്ദു, ആർ. മുരളീധരൻ , അപ്പുക്കുട്ടൻ പിള്ള എന്നിവർ സന്നിഹിതരായിരുന്നു. ഏറ്റവും കൂടുതൽ പോയിന്റ് നേടിയ കുളമട അങ്കണവാടി ഓവറാൾ ചാമ്പ്യൻഷിപ്പ് നേടി.