സംഗീത സാഗരം തീർത്ത് ഖയാൽ സന്ധ്യ
1338798
Wednesday, September 27, 2023 11:19 PM IST
കൊല്ലം: കൊല്ലം ജില്ലയുടെ ചരിത്രത്തിലെ ആദ്യ ഖയാൽ സംഗീത അരങ്ങേറ്റം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടന്നു. കാഴ്ചക്കാരെ സംഗീതത്തിന്റെ മായിക ലോകത്തേക്ക് കൊണ്ടെത്തിച്ച ഖയാൽ സന്ധ്യ കൊല്ലത്തിന്റെ മണ്ണിനു നവ്യാനുഭവമായി മാറി.
ഐക്യരാഷ്ട്ര സഭയുടെ ലോകസമാധാന ദിനാഘോഷങ്ങളുടെ സമാപനത്തിന്റേയും ഇപ്ലോയുടെ പന്ത്രണ്ടാം വാർഷികത്തിന്റേയും ഭാഗമായി കരുതൽ അക്കാഡമി ഓഫ് മ്യൂസിക്, ഫൈൻ ആർട്സ് റിസർച്ച് സെന്ററിലെ ഹിന്ദുസ്ഥാനി സംഗീത ഡിപ്പാർട്ട്മെന്റ് ആയ ബൃഹസ്പതി സംഗീത വിദ്യാപീഠത്തിൽ ഗുരു സബീഷ് ബാലയുടെ ശിഷ്യരായ വലിയവീട് മ്യൂസിഷ്യൻസ് ജോസ്ഫിൻ ജോർജ് വലിയവീടും ഇമ്നാ ജോർജ് വലിയവീടും ആലപിച്ച ഹിന്ദുസ്ഥാനി കൺസേർട്ട് ഖയാൽ ആണ് കാണികളെ സംഗീതത്തിന്റെ വേറിട്ട ലോകത്തേക്ക് കൊണ്ട് പോയത്.
ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ അഥവാ ഇപ്ലോ, കരുതൽ അക്കാഡമി ഓഫ് മ്യൂസിക്, ഫൈൻ ആർട്സ് ആൻഡ് റിസർച്ച് സെന്റർ, വി കെയർ പാലിയേറ്റീവ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്, ജ്വാല വിമൻസ് പവർ, ബൃഹസ്പതി സംഗീത വിദ്യാപീഠം, ക്യാപ് ഓഫ് ഡിജി ട്രസ്റ്റ് എന്നിവ ആതിഥേയത്വം വഹിച്ച ഖയാൽ സന്ധ്യയിൽ, ഗായകരെ ഗുരു സബീഷ് ബാല, ജയൻ മലമാരി, ബെറ്റ്സി എഡിസൺ,ആര്യ എന്നിവർ അകമ്പടി സേവിച്ചു.
കൊല്ലം ജില്ലയിൽ ആദ്യമായി ഖയാൽ അരങ്ങേറ്റം നടത്തി എന്നുള്ളത് മാത്രമല്ല അമ്മയും മകളും ഒരുമിച്ചു ആലപിച്ചു എന്നുള്ളതാണ് ഖയാൽ അരങ്ങേറ്റത്തെ വ്യത്യസ്തമാക്കി നിർത്തുന്നതെന്ന് ഖയാൽ സംഗീതസന്ധ്യയും ഇപ്ലോയുടെ പന്ത്രണ്ടാം വാർഷികവും ഉദ്ഘാടനം ചെയ്ത കർണാടക സംഗീതജ്ഞയും പരവൂർ മുനിസിപ്പൽ ചെയർ പേഴ്സനുമായ പി .ശ്രീജ പറഞ്ഞു. ഇരവിപുരം എം എൽ എ എം .നൗഷാദ് മുഖ്യാതിഥിയായി.