ബസുകളുടെ പാർക്കിംഗ് സ്ഥലത്തിന്റെ നിർമാണ പ്രവർത്തനം പൂർത്തിയായിട്ടും ഉദ്ഘാടനം വൈകുന്നു
1337072
Thursday, September 21, 2023 12:02 AM IST
ചാത്തന്നൂർ: കെ എസ് ആർ ടി സി ഡിപ്പോയിലെ യാത്ര ബസുകളുടെ പാർക്കിംഗ് സ്ഥലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ട് ഒരു മാസത്തിലേറെയായി. ഉദ്ഘാടനം നടത്താത്തതിനാൽ ഇത് ഉപയോഗിക്കാൻ കഴിയുന്നില്ല.
യാത്രക്കാരും ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്. ഗതാഗത മന്ത്രി എത്തി ഉദ്ഘാടനം നടത്തിയ ശേഷമേ ഇത് ഉപയോഗിക്കാൻ കഴിയു എന്നാണ് അറിയുന്നത്.
ചാത്തന്നൂർ കെ എസ് ആർ ടി സി ഡിപ്പോയിലെ പാർക്കിംഗ് ഏരിയ വർഷങ്ങളായി കുണ്ടും കുഴിയുമായി കിടക്കുകയായിരുന്നു. ബസ് കുഴിയിൽ വീണ് ബസുകളിലെ യാത്രക്കാർക്കും കുഴികളിൽ നിന്ന് മെറ്റൽ തെറിച്ച് ബസ് കാത്തു നില്ക്കുന്നവർക്കും പരിക്കേറ്റ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇതിനിടയിൽ ജി.എസ്.ജയലാൽ എം എൽ എ പ്രാദേശികവികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ചിലവഴിച്ച് ഡിപ്പോ ഓഫീസ് നവീകരണം നടത്തിയിരുന്നു. പാർക്കിംഗ് ഗ്രൗണ്ട് നന്നാക്കാനായി ഇപ്പോൾ 20 ലക്ഷം രൂപ അദ്ദേഹം
അനുവദിച്ചു. അതുപയോഗിച്ചാണ് പാർക്കിംഗ് ഏരിയാ വൃത്തിയാക്കി കൊരുപ്പുകട്ട (ഇന്റർലോക്ക് ) കൾ പാകി ബലപ്പെടുത്തിയത്. ഇതിന്റെ നിർമാണ പ്രവർത്തനം പൂർത്തിയായിട്ട് ഒരു മാസത്തിലേറെയായി.
ഇപ്പോൾ യാത്രക്കാർ ബസ് കാത്തു നില്ക്കുന്നത് ഡിപ്പോയ്ക്ക് മുന്നിലുള്ള റോഡിലാണ് വെയിലും മഴയുമേറ്റ് വേണം നില്ക്കാൻ. ഒന്നിരിക്കാൻ പോലും ഒരു സൗകര്യവുമില്ലാത്തതിനാൽ പ്രായാധിക്യമുള്ളവർ ദുരിതമനുഭവിക്കുകയാണ്. തൊട്ടടുത്ത് കയറി നില്ക്കാൻ കടകൾ പോലുമില്ല.ബസുകൾ തിരിയ്ക്കുന്നതാണ് ഏറെ ബുദ്ധിമുട്ട്.
ഡിപ്പോയ്ക്ക് സമീപത്തുള്ള ആർടി ഒ എക്സ്റ്റൻഷൻ ഓഫീസിന് മുന്നിലെത്തി വളഞ്ഞു പോകാമായിരുന്നു. ഡീസൽ ചിലവ് കൂടുമെന്നതിനാൽ അത് ബുദ്ധിമുട്ടായി. ചില ബസുകൾ ഡിപ്പോയിലെ പമ്പിന് മുമ്പിൽ തിരിഞ്ഞു പോകും.
യാത്രക്കാർക്ക് ഈ ബസുകളിൽ കയറാനാവില്ല. ഇപ്പോൾ ഡിപ്പോയിലെ വഴിയിടത്തിന് മുന്നിലെ ഇടുങ്ങിയ സ്ഥലത്താണ് ബസുകൾ തിരിക്കുന്നത്. ഒരു വശത്ത് വഴി യിടവും വൈദ്യുതി പോസ്റ്റുകളും മറുവശത്ത് മരങ്ങളും. ഇവിടെ ബസ് തിരിക്കുന്നത് അപകടങ്ങളുണ്ടാക്കുകയും പ്രധാനറോഡ് ബ്ലോക്കാക്കുകയും ചെയ്യുന്നു. എത്രയും പെട്ടെന്ന് പാർക്കിംഗ് സ്ഥലം തുറന്നു കൊടുക്കണമെന്ന അഭ്യർഥനയാണ് ജീവനക്കാർക്കും യാത്രക്കാർക്കും.