അന്തർജില്ലാ വാഹന മോഷ്ടാക്കൾ പിടിയിൽ
1337066
Wednesday, September 20, 2023 11:57 PM IST
കൊല്ലം: കൊല്ലം, പത്തനംതിട്ട ജില്ലകളിലായി മോട്ടോർ സൈക്കിളുകൾ മോഷ്ടിച്ച് പൊളിച്ച് പാർട്സ് ആക്കി വിൽക്കുന്ന അഞ്ചംഗ സംഘത്തെ പത്തനാപുരം പോലീസ് പിടികൂടി.
പത്തനംതിട്ട തേപ്പുപാറ മുരുകൻകുന്ന് രാഖി ഭവനിൽ രാഹുൽ (29), കാവടിഭാഗം ഒഴുകുപാറ പുത്തൻവീട്ടിൽ ശ്യാം പി. പ്രകാശ് (21), തൊടുവക്കാട് വിഷ്ണു ഭവനിൽ വിജീഷ് (21), കാവടിഭാഗം രാജി ഭവനിൽ അഭി (19), തൊടുവക്കാട് വലിയവിള താഴതിൽ വീട്ടിൽ സിബിൻ (20) എന്നിവരെയാണ് പത്തനാപുരം എസ്ഐ ശരലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിവിധ സ്ഥലങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ എസ്.ജയകൃഷ്ണന്റെ നിർദേശാനുസരണം ആയിരുന്നു നടപടി.
രാത്രി മോട്ടോർസൈക്കിളിൽ കറങ്ങി നടന്ന് വീടുകളുടെ മുറ്റത്ത് വച്ചിരിക്കുന്ന ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച് കൊണ്ടുപോയി പൊളിച്ച് സ്പെയർപാർട്ടുകളായി വിൽക്കുന്നതാണ് ഇവരുടെ രീതി. മാങ്കോട് മുള്ളൂർ നിരപ്പ് സ്വദേശിയായ ഇബ്രാഹിം സിക്കന്ദറുടെ റ്റിവിഎസ് ബൈക്ക് രണ്ടുമാസം മുൻപ് വീട്ടുമുറ്റത്ത് നിന്നും രാത്രി മോഷണം പോയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
മോഷണം പോയ ബൈക്കിന്റെ പൊളിച്ച ഭാഗങ്ങളും എൻജിനും പോലീസ് കണ്ടെടുത്തു. എൻജിൻ നമ്പറും ഷാസി നമ്പറും മാറ്റം വരുത്തിയ മൂന്ന് മോട്ടോർസൈക്കിളുകളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
ഈ വാഹനങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പത്തനാപുരം ഇൻസ്പെക്ടർ ജയകൃഷ്ണൻ അറിയിച്ചു. പത്തനാപുരം എസ് ഐ ശരലാൽ, ക്രൈം എസ്ഐ സുനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ഷിബുമോൻ, ശ്രീജിത്ത്, വിനോദ്, രാജീവ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.