ട്രോളിംഗ് നിരോധനം ഇന്നുമുതൽ
1301144
Thursday, June 8, 2023 11:21 PM IST
വർഗീസ് എം കൊച്ചുപറമ്പിൽ
ചവറ: ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി മുതൽ ജൂലൈ 31 വരെ നടക്കും. ഇതോടെ മത്സ്യമേഖലയിൽ വറുതിയുടെ ദിനങ്ങൾക്ക് തുടക്കം കുറിക്കും .
ജില്ലയിൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നതിന്റെ പശ്ചാത്തലത്തിൽ അവലോകനയോഗം നടന്നിരുന്നു. ഇൻബോർഡ് വള്ളങ്ങൾ ഉൾപ്പെടെ പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് നീണ്ടകര ഹാർബർ തുറന്നുകൊടുക്കും. ഹാർബറുകളിലും ലാൻഡിങ് സെന്ററുകളിലുമുള്ള ഡീസൽ ബങ്കുകൾ അടച്ചിടും. ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭ്യമാക്കാനായി മത്സ്യഫെഡിന്റെ തിരഞ്ഞെടുത്ത ഡീസൽ ബാങ്കുകൾ തുറന്നു കൊടുക്കും.
ട്രോളിംഗ് ബോട്ടുകൾ കഴിഞ്ഞ ദിവസങ്ങളിലായി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി കഴിഞ്ഞു. കടലിൽ മത്സ്യബന്ധനത്തിനുശേഷം എത്തിയിട്ടുള്ള എല്ലാ ട്രോളിംഗ് ബോട്ടുകളും ഇന്നലെ വൈകുന്നേരത്തോടു കൂടി നീണ്ടകര പാലത്തിന് കിഴക്കു വശത്തേക്ക് അധികൃതർ മാറ്റി.
ഇതരസംസ്ഥാന ബോട്ടുകളുടെ പ്രവേശനം തടയാനുള്ള കർശന നടപടികൾ അധികൃതരിൽ നിന്നും ഉണ്ടായിട്ടുണ്ട്. ഇത്തവണയും ഭൂരിഭാഗം ബോട്ടുകൾക്കും കാര്യമായ സാമ്പത്തിക നേട്ടങ്ങൾ ഒന്നും ലഭ്യമായിട്ടില്ല. കടലിൽ മത്സ്യ ലഭ്യതയുടെ കുറവ് ഇതിനൊരു കാരണമാണ്. ട്രോളിംഗ് നിരോധന കാലയളവിൽ പല ബോട്ട് ഉടമകളും ബോട്ടുകളുടെയും വലകളുടെയും അച്ചകുറ്റപണികൾക്കായി നീക്കിവെക്കും. പല ബോട്ട് ഉടമകളും പണം വായ്പയെടുത്തും കടമെടുത്തും ആണ് ഇത്തരത്തിലുള്ള അറ്റകുറ്റപ്പണികൾ നടത്തിവരാറുള്ളത്.
ഇന്ന് രാവിലെ മുതൽ ഉച്ചവരെ പരവൂർ മുതൽ അഴീക്കൽ വരെ കടലിലും ഉച്ചയ്ക്കുശേഷം തീരദേശ മേഖല മുഴുവനായും ട്രോളിംഗ് നിരോധനം സംബന്ധിച്ച അനൗൺസ്മെന്റുകൾ നടത്തുമെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ജെയിൻ ഐ.ജി അറിയിച്ചു .
ട്രോളിംഗ് നിരോധനത്തോട് അനുബന്ധിച്ച് ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പോലീസ് തുടങ്ങിയവരുടെ പരിശോധന ശക്തമാക്കും. മുൻ വർഷങ്ങളെപ്പോലെ ഇത്തവണയും മൂന്നു ബോട്ടുകൾ മറൈൻ എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കായും പരിശോധനയ്ക്കായും ഉണ്ടാകും. കൊല്ലം ഹാർബർ നീണ്ടകര ഹാർബർ അഴീക്കൽ ഹാർബർ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച് ആയിരിക്കും ബോട്ടുകൾ ഉണ്ടാവുക. ട്രോളിംഗ് നിരോധനമായി ബന്ധപ്പെട്ട് സജ്ജരാക്കിയിട്ടുണ്ട്. മൂന്ന് ഇടങ്ങളിലും 24 മണിക്കൂർ കൺട്രോൾ റൂമും തുറക്കും.
ബോട്ടുകൾ അഷ്ടമുടിക്കായലിന്റെ വിവിധ ഭാഗങ്ങളിൽ നിയമ വിരുദ്ധമായ ട്രോളിംഗ് തടയുന്നതിനായി ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മെന്റും പരിശോധന ശക്തമാക്കും.
നീണ്ടകര, ശക്തികുളങ്ങര , അഴീക്കൽ, കൊല്ലം ഹാർബറുകളിലും പോലീസ് പിക്കറ്റിംഗ് ഏർപ്പെടുത്തും.
ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതോടുകൂടി മറ്റു സംസ്ഥാനങ്ങളിൽ നിന്നും ജോലിക്കായി എത്തിയിട്ടുള്ള തൊഴിലാളികളിൽ ഭൂരിഭാഗം പേരും നാട്ടിലേക്ക് തിരികെ പോകും. മറ്റു ചിലർ ഇതര മേഖലകളിൽ തൊഴിലിനായി കുടിയേറും. ട്രോളിംഗ് നിരോധന സമയത്ത് മത്സ്യത്തൊഴിലാളികൾക്ക് കാര്യമായ ആനുകൂല്യങ്ങൾ ഒന്നും പ്രഖ്യാപിക്കാത്തതിൽ തൊഴിലാളികൾക്കിടയിൽ ആശങ്കയും പ്രതിഷേധവും ഉണ്ട് . ഇനി വരും ദിവസങ്ങളിൽ മത്സ്യ മേഖല വറുതിയുടെ ദിനങ്ങളായി മാറുകയാണ്.