കെ ഫോണ്‍ മണ്ഡലംതല ഉദ്ഘാടനം നടന്നു
1300633
Tuesday, June 6, 2023 11:42 PM IST
അഞ്ചല്‍ : സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്ന കെ ഫോണ്‍ ജില്ലയുടെ കിഴക്കന്‍ മേഖലയിലും യാഥാര്‍ഥ്യമാകുന്നു. കെ ഫോണ്‍ പദ്ധതിയുടെ പുനലൂര്‍ മണ്ഡലംതല ഉദ്ഘാടനം അഞ്ചല്‍ ഈസ്റ്റ് സ്കൂളില്‍ നടന്നു.
പി.എസ് സുപാല്‍ എംഎല്‍എയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. എല്ലാവര്ക്കും ഇന്റര്‍നെറ്റ് എന്ന വിപ്ലവകരമായ മാട്ടത്തിലെ കേരളം അടുത്തിരിക്കുകയാണ്. മലയോര മേഖലയില്‍ ഉള്‍പ്പടെ വലിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ കെ ഫോണ്‍ സഹായിക്കുമെന്ന് എംഎല്‍എ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് സജീവ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാരാജേന്ദ്രന്‍, ഇടമുളക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുജാസുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഓമന മുരളി, പുനലൂര്‍ ആര്.ഡി.ഒ ബി. ശശികുമാർ, താഹസിൽദാർ നസിയ, ബിഡിഒ, അരുണ തുടങ്ങിയവർ പ്രസംഗിച്ചു.
ആദ്യഘട്ടത്തില്‍ മണ്ഡലത്തിലെ ഇരുനൂറോളം സര്‍ക്കാര്‍ ഓഫീസുകളിലും ബിപിഎല്‍ കുടുംബങ്ങള്‍ക്കുമാകും കണക്ഷന് നല്‍കുക. പിന്നീട് ഘട്ടം ഘട്ടം എല്ലാവരിലേക്കും സേവനം എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നു അധികൃതര്‍ വ്യക്തമാക്കി.
ചവറ: കെ ഫോൺ ചവറ നിയോജക മണ്ഡല ഉദ്ഘാടനം തേവലക്കര അയ്യന്‍കോയിക്കല്‍ സ്കൂളില്‍ സുജിത് വിജയന്‍പിള്ള എംഎല്‍എ നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം എസ് സോമൻ അധ്യക്ഷനായി. തഹസീൽദാർ ആർ സുശീല, പഞ്ചായത്ത് സെക്രട്ടറി റ്റി ദിലീപ്, നീണ്ടകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ രജനി, കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ എസ് ജയൻ, ഐ ഷിഹാബ്, ബി ശ്രീകുമാർ, ഇ ജോൺ, സുരേഷ്, ഷാജി തോമസ്, ജയകൃഷ്ണൻ, പ്രിൻസിപ്പാൾ പ്യാരി നന്ദിനി എന്നിവർ പ്രസംഗിച്ചു.