വിവരാവകാശ പ്രവർത്തകന് എതിരായ കേസ്: വ്യാജമെന്ന് പുനരന്വേഷണത്തിൽ കണ്ടെത്തി
1298122
Sunday, May 28, 2023 11:47 PM IST
കൊല്ലം: വിവരാവകാശ പ്രവർത്തകൻ വി.ശ്രീകുമാറിനെ പ്രതിയാക്കി ചവറ പോലീസ് രജിസ്റ്റർ ചെയ്ത കേസ് വ്യാജമെന്ന് പുനരന്വേഷണത്തിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് റഫർ ചാർജ് ഷീറ്റ് തയാറാക്കി കോടതിയിൽ റിപ്പോർട്ട് നൽകി. ശ്രീകുമാർ സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുനരന്വേഷണവും തുടർ നടപടിയും ഉണ്ടായത്. ജില്ലാ സ്പെഷൽ ബ്രാഞ്ച് എസിപിയാണ് വിശദമായ തുടരന്വേഷണം നടത്തിയത്.
ശ്രീകുമാറിന്റെ വീട് കയറി ആക്രമിച്ച കേസിൽ അറസ്റ്റിലായ റിട്ട. ഗ്രേഡ് എസ്ഐ ചവറ തോട്ടിന് വടക്ക് പുലരിയിൽ അബ്ദുൾ റഷീദിനെ വാദിയാക്കിയാണ് ചവറ പോലീസ് കേസെടുത്തത്. ഈ കാലയളവിൽ അവിടത്തെ എസ്എച്ച്ഒ അബ്ദുൾ റഷീദിന്റെ ബന്ധുവായിരുന്നു. ഈ സ്വാധീനത്തിലാണ് കള്ളക്കേസ് എടുത്ത് അതിവേഗം കുറ്റപത്രം നൽകിയത്. ശ്രീകുമാറിന്റെ വീടാക്രമിച്ച കേസിലെ രണ്ടും മൂന്നും സാക്ഷികളെ വാദികളാക്കിയാണ് കള്ളക്കേസ് എടുത്തത്.
പോലീസുകാരനും ഇയാളുടെ മകനായ അഭിഭാഷകനും ചേർന്ന് ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട വയൽ നികത്തി കെട്ടിടം പണിഞ്ഞിരുന്നു. ഇതിനെതിരേ ശ്രീകുമാർ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകി. കെട്ടിടം പൊളിക്കാൻ കോടതി വിധിയും വന്നു.
തുടർന്നാണ് ശ്രീകുമാറിനെയും മാതാവിനെയും വീടുകയറി ആക്രമിച്ചത്. ഈ കേസിൽ പ്രതിയായി ജയിലിൽ കിടന്ന അബ്ദുൾ റഷീദിനെ വാദിയാക്കിയാണ് ശ്രീകുമാറിന് എതിരേ ചവറ പോലീസ് കേസെടുത്തത്.
ഇതാണ് സിറ്റി പോലീസ് കമ്മീഷണർ കരുനാഗപ്പള്ളി എസിപി മുഖാന്തിരം പുനരന്വേഷിച്ചത്. തുടർന്നാണ് കോടതി നടപടികളിൽ നിന്ന് കുറവ് ചെയ്തു തുടർ നടപടി സ്വീകരിക്കാൻ ചവറ കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകിയത്.
ശ്രീകുമാറിന് എതിരെ രജിസ്റ്റർ ചെയ്ത കേസിൽ 15-ൽ അധികം ന്യൂനതകൾ പുനരന്വേഷണത്തിൽ കണ്ടെത്തി. ശ്രീകുമാറിനെയും അമ്മയെയും ഉപദ്രവിച്ച കേസിൽ റിമാൻഡിലായിരുന്ന രണ്ടും മൂന്നും പ്രതികളുടെ വീട്ടിൽ വച്ച് ശ്രീകുമാർ പോലീസുകാരനെ മർദിച്ചു എന്നായിരുന്നു കേസ്.
എന്നാൽ സംഭവം നടന്ന തീയതി, സമയം എന്നിവയിലെ വൈരുധ്യവും ഡോക്ടർക്കും പോലീസിനും നൽകിയ മൊഴിയിലെ പൊരുത്തക്കേടുകളും പുനരന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2021 സെപ്റ്റംബർ രണ്ടിന് രജിസ്റ്റർ ചെയ്ത കേസിൽ 12 - ന് തന്നെ കുറ്റപത്രം നൽകിയതിലും ദുരൂഹത ഉള്ളതായും കോടതിയിൽ സമർപ്പിച്ച പുനരന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
തുടർ അന്വേഷണത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി എസിപി കോടതിയിൽ റിപ്പോർട്ട് നൽകി വിസ്താരം നിർത്തി വയ്പ്പിക്കുകയുണ്ടായി. തുടർന്നാണ് ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസ് പുനരന്വേഷിച്ചത്. തുടർന്നാണ് കേസ് പൂർണമായും കെട്ടിച്ചമച്ചതാണന്ന് ബോധ്യപ്പെട്ടത്. വ്യാജ പരാതി, വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു ചവറ പോലീസ് കേസെടുത്തത്.
കൃത്യം നടന്നതായി പറയുന്ന സ്ഥലത്ത് സംഭവ സമയം പ്രതിയും വാദികളും സാക്ഷികളും ഇല്ലായിരുന്നു എന്നും മൊബൈൽ ടവർ ലൊക്കേഷൻ പ്രകാരം നടത്തിയ അന്വേഷണത്തിലും ബോധ്യപ്പെടുകയുണ്ടായി.
നീതിക്ക് നിരക്കാത്ത തരത്തിൽ തനിക്ക് എതിരേ കള്ളക്കേസ് രജിസ്റ്റർ ചെയ്ത അന്നത്തെ ചവറ എസ്എച്ച്ഒ എ.നിസാമുദീൻ, എസ്ഐ രാധാകൃഷ്ണൻ എന്നിവർക്ക് എതിരെ വകുപ്പ് തല നിയമ നടപടി സ്വീകരിക്കുന്നതിന് സർക്കാരിൽ പരാതി നൽകുമെന്ന് ശ്രീകുമാർ പറഞ്ഞു.