നെഹ്റുവിനെയും കുടുംബത്തെയും അപമാനിച്ചവർ ഇപ്പോൾ അംഗീകരിക്കുന്നു: കൊടിക്കുന്നിൽ
1298111
Sunday, May 28, 2023 11:45 PM IST
കൊട്ടാരക്കര: നാവെടുത്താല്‍ നെഹ്റുവിനെയും കുടുംബത്തെയും അപമാനിക്കുന്നവര്‍ക്ക് ഇപ്പോള്‍ അംഗീകരിക്കേണ്ടി വരുന്ന അവസ്ഥയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ബിജെപി നേതാക്കളും നാവെടുത്താല്‍ നെഹ്റുവിനേയും കുടുംബത്തേയും അപമാനിക്കാനാണ് സമയം കണ്ടെത്തുന്നത്. എന്നാല്‍ സ്വാതന്ത്ര്യലബ്ധിയില്‍ നടന്ന ചെങ്കോല്‍ അധികാര കൈമാറ്റത്തെ ഇപ്പോള്‍ അംഗീകരിക്കേണ്ടി വന്നിരിക്കുന്നത് കാവ്യനീതിയാണെന്ന് എം പി പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ 59-ാമത് ചരമദിനാചരണം കൊട്ടാരക്കര കോണ്‍ഗ്രസ് ഭവനില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിതര പ്രധാനമന്ത്രിമാര്‍ രാജ്യം ഭരിച്ചപ്പോഴെല്ലാം രാജ്യത്തിന്റെ സ്വര്‍ണം പോലും പണയപ്പെടുത്തേണ്ടി വന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം കഴിയുമ്പോഴും ബ്രിട്ടീഷുകാരന്റെ കൈയില്‍ നിന്നും അധികാരം ഏറ്റെടുത്ത ചടങ്ങിലൂടെ ലഭിച്ച ചെങ്കോല്‍ ഇപ്പോഴും നെഹ്റു മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്നതുകൊണ്ടാണ് മോദിക്ക് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ചെങ്കോല്‍ വേണമെന്ന പൂതി നടപ്പിലാക്കാന്‍ പറ്റുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്ര തലവനെ ഒഴിവാക്കി നടത്തുന്ന പാര്‍ലമെന്റ് ഉദ്ഘാടന വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ചെങ്കോല്‍ വിവാദവുമായി അമിത്ഷാ തന്നെ രംഗത്ത് വന്നിരിക്കുന്നതെന്നും എംപി കുറ്റപ്പെടുത്തി.
ഒ.രാജന് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി പി.ഹരികുമാര്‍, കോശി.കെ.ജോണ്‍, കണ്ണാട്ട് രവി, വി.ഫിലിപ്, സുധീര്‍ തങ്കപ്പ, അല്‍-അമീന്, ജയച്ചന്ദ്രന്, എസ്.എ. ഖരീം, മധു, വേണു അവണൂര്‍, മഹേശ്വരന് ഉണ്ണിത്താന്, തുടങ്ങിയവര്‍ പ്രസംഗിച്ചു.