കടയിൽ അക്രമം നടത്തി ഉടമയെ മർദിച്ചതായി പരാതി
1265182
Sunday, February 5, 2023 11:08 PM IST
കൊല്ലം: കടയിൽ നാശം വരുത്തിയ ശേഷം ഉടമയെ ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. തേവള്ളി പാലത്തിന് സമീപം തട്ടുകട നടത്തുന്ന മതിലിൽ വിളയിൽ വീട്ടിൽ അഭിഷേക് ബാബുവിനെയാണ് ആക്രമിച്ചത്.
മുൻവൈരാഗ്യത്തിന്റെ പേരിലാണ് അക്രമം കാട്ടിയതെന്നാണ് വെസ്റ്റ് പോലീസിനും സിറ്റിപോലീസ് കമ്മീഷണർക്കും നൽകിയ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ 15ന് ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം. ആറു പേരടങ്ങുന്ന സംഘം കടയിൽ എത്തി നാരങ്ങാവെള്ളം ആവശ്യപ്പെടുകയും കുടിച്ച ശേഷം മാരകായുധങ്ങളുമായി അക്രമം നടത്തുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് കടയിൽനിന്നും 3500 രൂപയും വാഹനത്തിന്റെ താക്കോലും മറ്റും അപഹരിച്ചതായും പറയുന്നു.
കൺട്രോൾ റൂം പോലീസെത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. പിന്നീട് അക്രമി സംഘം എത്തി അമ്മയുടെ മുന്പിൽവച്ച് കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. അഭിഷേക് ബാബു ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒളിവിൽ കഴിയുന്ന പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് അഭിഷേക് ബാബുവും പിതാവ് ബാബു ഡാനിയേലും ആവശ്യപ്പെട്ടു.