ജില്ലാ ജാഥയ്ക്ക് ചവറയിൽ നിന്നും തുടക്കമായി
1227590
Wednesday, October 5, 2022 11:18 PM IST
ചവറ: എൻആർഇജി വർക്കേയ്സ് യൂണിയൻ ജില്ലാ ജാഥയ്ക്ക് ചവറയിൽ നിന്നും തുടക്കമായി. തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാരിന്റെ നിയമവിരുദ്ധ ഉത്തരവുകൾ പിൻവലിക്കുക, ഒരു പഞ്ചായത്തിൽ ഒരേ സമയം 20 പ്രവൃത്തികൾ മാത്രമേ പാടുള്ളുവെന്ന നിബന്ധന പിൻവലിക്കുക, തൊഴിൽ ദിനങ്ങൾ 200 ആക്കുക, കൂലി 600 രൂപയായി വർധിപ്പിക്കുക, നഗര തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുക തുടങ്ങിയ വിവിധ മുദ്രാവാക്യങ്ങൾ ഉയർത്തി തൊഴിലാളികൾ 12 ന് കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തുന്നതിന്റെ പ്രചരണാർഥമാണ് ജില്ലാ പ്രചരണ ജാഥകൾ ജില്ലയിൽ പര്യടനം നടത്തുന്നത്.
ഇന്നു മുതൽ 10 വരെയാണ് ജാഥകൾ. യൂണിയൻ ജില്ലാ സെക്രട്ടറി വി ജയപ്രകാശ് ക്യാപ്റ്റനും, ജില്ലാ ട്രഷറർ വി രാധാകൃഷ്ണൻ മാനേജറുമായ തെക്കൻ മേഖല ജാഥയും, ജില്ലാ പ്രസിഡന്റ് സി രാധാമണി ക്യാപ്റ്റനും, ജില്ലാ വൈസ് പ്രസിഡന്റ് ആർ. രാമചന്ദ്രൻ പിള്ള മാനേജറുമായ വടക്കൻ മേഖല ജാഥയുമാണ് പര്യടനം നടത്തുന്നത്.
ജാഥയുടെ ഉദ്ഘാടനം നീണ്ടകര പരിമണത്ത് യൂണിയൻ സംസ്ഥാന സെക്രട്ടറി എസ് രാജേന്ദ്രൻ നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ കെ ലതീഷൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ആർ രാമചന്ദ്രൻ പിള്ള,. സിപി എം ഏരിയാ സെക്രട്ടറി ആർ രവീന്ദ്രൻ, യൂണിയൻ നേതാക്കളായ എം സുഭാഷ്, ബി ശശി, പ്രശാന്ത്, ബീനാ ദയൻ എന്നിവർ പ്രസംഗിച്ചു. വടക്കൻ മേഖല ജാഥ ഇന്ന് രാവിലെ 9 ന് തെക്കുംഭാഗം നടയ്ക്കാവിൽ നിന്നും ആരംഭിച്ച് ക്ലാപ്പനയിൽ സമാപിക്കും. തെക്കൻ മേഖല ജാഥ രാവിലെ 9 ന് കൊല്ലത്ത് നിന്നും പര്യടനം ആരംഭിച്ച് ചിറക്കരയിൽ സമാപിക്കും.