നിയമം നടപ്പാക്കുന്നില്ലെങ്കിൽ ആർടി ഓഫീസ് ഉപരോധിക്കും: സംയുക്ത ട്രേഡ് യൂണിയൻ സമിതി
1465823
Saturday, November 2, 2024 4:27 AM IST
കണ്ണൂർ: കോർപറേഷൻ പരിധിയിൽ നിയമം പാലിക്കാതെ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ മോട്ടോർവാഹന വകുപ്പ് നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ ആർടി ഓഫീസ് ഉപരോധിക്കുന്നതുൾപ്പെടെയുള്ള പ്രക്ഷോഭം നടത്തുമെന്ന് ഓട്ടോ തൊഴിലാളികളുടെ സംയുക്ത ട്രേഡ് യൂണിയൻ സമിതി.
നിയമം ലംഘിച്ച് സർവീസ് നടത്തുന്നവർക്കെതിരെ മോട്ടോർവാഹന വകുപ്പ് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്എടിയു, എച്ച്എംഎസ്, ഐൻടിയുസി, എസ്ടിയു, ബിഎംഎസ്, എഫ്ഐടിയു എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഇന്നലെ സംയുക്ത ട്രേഡ് യൂണിയൻ സമിതി പണിമുടക്കി ആർടി ഓഫീസ് മാർച്ചും ധർണയും നടത്തി.
മാർച്ച് ദേശീയ ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ഐൻടിയുസി ജില്ലാ പ്രസിഡന്റ് എ.പി. നാരായണൻ ഉദ്ഘാടനം ചെയ്തു. കൺവീനർ എൻ. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു.
സംയുക്ത ട്രേഡ് യൂണിയൻ സമിതി ചെയർമാൻ കുന്നത്ത് രാജീവൻ, കെ.കെ. ശ്രീജിത്ത്, കസ്തൂരി ദേവൻ, സി. ഉമ്മർ, മുഹമ്മദ് ഇംതിയാസ്, കെ. സുജിത്ത് എന്നിവർ പ്രസംഗിച്ചു. പണിമുടക്കിൽ പങ്കെടുക്കാതിരുന്ന ഓട്ടോ റിക്ഷകളുടെ സർവീസുകൾ തടസപ്പെടുത്താതെയായിരുന്നു സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ പണിമുടക്ക്.