ക്രിസ്തുവിന്റെ മനസിനിണങ്ങിയവരാകണം വിശ്വാസപരിശീലകർ: മാർ ജോസഫ് പാംപ്ലാനി
1466283
Sunday, November 3, 2024 7:50 AM IST
ചെറുപുഴ: ക്രിസ്തുവിന്റെ മനസിണങ്ങിയ വിശ്വാസപരിശീലകർ സഭയുടെ സമ്പത്താണെന്നും വിശ്വാസപരിശീലകരുടെ ശുശ്രൂഷ സ്വർഗത്തിനും ഭൂമിക്കും പ്രീതികരമാണെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
ചെറുപുഴ സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ നടത്തിയ മതാധ്യാപകസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്.
ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിശ്വാസം ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ വിശ്വാസത്തിനു സാക്ഷ്യം വഹിക്കേണ്ടവരും വരുംതലമുറയ്ക്ക് സത്യവിശ്വാസം പകർന്നു നല്കേണ്ടവരുമാണ് വിശ്വാസ പരിശീലകരെന്നും ക്രിസ്തുവിനെ അനുഭവിച്ചവർക്കു മാത്രമേ ഈ സത്യവിശ്വാസം പറഞ്ഞുകൊടുക്കുവാൻ കഴിയുകയുള്ളുവെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
തലശേരി അതിരൂപത വികാരി ജനറാൾ മോൺ. ആന്റണി മുതുകുന്നേൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി. ഡോ. അലക്സ് ജോർജ് കാവുകാട്ട് ക്ലാസ് എടുത്തു.
ഉച്ചകഴിഞ്ഞ് നടത്തിയ പൊതുസമ്മേളനത്തിന് വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി അധ്യക്ഷത വഹിച്ചു. ചെറുപുഴ ഫൊറോന വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട്, ഫാ. മാത്യു കൊട്ടുചേരാടിയിൽ, ഫാ. എബിൻ മടപ്പാംതോട്ടുകുന്നേൽ, ബാബു പതിപ്പള്ളിൽ, ജെസ്റ്റിൻ മംഗലത്ത്, നോവിച്ചൻ ഓലിക്കൽ, സജി തുരുത്തേൽ, ബിജു ചൊവ്വാറ്റുകുന്നേൽ, ബിജു കുപ്പോഴയ്ക്കൽ, സിസ്റ്റർ ലിൻസി ആഗസ്റ്റിൻ എസ്എച്ച്, സിസ്റ്റർ റോസിലിയ എൻഎസ്, ആലീസ് എടാട്ടേൽ, ബ്രദർ സ്കറിയ പായിക്കാട്ട്, അനഘ കട്ടക്കയം എന്നിവർ പ്രസംഗിച്ചു.
ആലക്കോട്,ചെറുപുഴ, മേരിഗിരി, തളിപ്പറമ്പ്, എന്നീ ഫൊറോനകളിലെ 40 ഇടവകകളിൽ നിന്നുള്ള അറുനൂറോളം വിശ്വാസപരിശീലകർ കോൺഫറൻസിൽ പങ്കെടുത്തു. 44ലേറെ വർഷം വിശ്വാസപരിശീലനശുശ്രൂഷ നിർവഹിച്ച അധ്യാപകരെയും പത്ത് വർഷത്തിലധികമായി മുടങ്ങാതെ എല്ലാ ഞായറാഴ്ചയും വിശ്വാസപരിശീലന ദൗത്യത്തിലേർപ്പെട്ട അധ്യാപകരെയും അധ്യാപക ദമ്പതികളെയും സമർപ്പിതരുടെ മാതാപിതാക്കളെയും അഞ്ചിൽ കൂടുതൽ മക്കളുള്ള വിശ്വാസപരിശീലകരെയും അവാർഡ് ജേതാക്കളെയും ആദരിച്ചു. വിശ്വാസപരിശീലനകേന്ദ്രം ഡയറക്ടർ റവ. ഡോ. ജേക്കബ് വെണ്ണായപ്പിള്ളിൽ സ്വാഗതവും അസി. ഡയറക്ടർ ഫാ. ജോസഫ് വടക്കേപറമ്പിൽ നന്ദിയും പറഞ്ഞു.