ജില്ലാ കളക്ടറെ രൂക്ഷമായി വിമർശിച്ച് കെ.സുധാകരൻ; ‘ആണാണെന്ന് പറഞ്ഞാൽ പോരാ, ആണത്തം വേണം’
1465834
Saturday, November 2, 2024 4:27 AM IST
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അരുൺ കെ. വിജയനെ രൂക്ഷമായി വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി. കളക്ടർ എന്തിനാണ് വകുപ്പുതല യോഗത്തിൽ ദിവ്യയെ സംസാരിക്കാൻ അനുവദിച്ചതെന്നും "ആണാണെന്ന് പറഞ്ഞാൽ പോരാ, ആണത്തം വേണമെന്നും' സുധാകരൻ വിമർശിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം.
അഴിമതിരഹിതനായ ഒരുദ്യോഗസ്ഥനെക്കുറിച്ച് ഇങ്ങനെ പറയാൻ എന്തിന് കളക്ടർ ദിവ്യയെ അനുവദിച്ചു. പി.പി. ദിവ്യയെ സഹായിക്കാനാണ് കളക്ടർ രംഗത്തിറങ്ങിയിരിക്കുന്നത്. തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞുവെന്ന മൊഴി അതിനുവേണ്ടിയാണ്. പച്ചക്കള്ളമാണ് കളക്ടർ പറഞ്ഞത്. കണ്ണൂരി ലെ ജനങ്ങളുടെ മനസിൽ കുറ്റപത്രം ചാർത്തപ്പെട്ടയാളായി കളക്ടർ മാറി. ഭരണഘടനയ്ക്കും സാമൂഹ്യനീതിക്കുമൊപ്പം നില്ക്കേണ്ട വ്യക്തിയാണ് കളക്ടർ. തെറ്റു തിരുത്താൻ കളക്ടർ തയാറാകണം.
അല്ലെങ്കിൽ ദിവ്യയുടെ സ്ഥാനത്ത് ജനം കളക്ടറേയും വിലയിരുത്തുമെന്നും സുധാകരൻ ഓർമിപ്പിച്ചു. അപമാനം സഹിക്കാനാവാതെ ഒരാൾ പോലും ഒരിക്കലും ജീവിതമവസാനിക്കാൻ പാടില്ലാത്തതാണ്. എന്നാൽ അഭിമാനിയായ നവീൻ ബാബു ജീവിതം അവസാനിപ്പിക്കുകയായിരുന്നു. ഒരാളിൽനിന്ന് പോലും കൈകൂലി വാങ്ങിയിട്ടില്ലെന്നും പത്തനംതിട്ടയിൽ പോലും നല്ല പേരാണ് അദ്ദേഹത്തിനെന്നും സുധാകരൻ പറഞ്ഞു. പോലീസ് പൂർണമായും ദിവ്യയെ സംരക്ഷിക്കുകയാണ്. പിണറായിയും പി. ശശിയും പറഞ്ഞാൽ നട്ടെല്ല് വളയുന്നവരാണ് അന്വേഷണത്തിന് നേതൃത്വം നല്കുന്നത്. എങ്കിലും നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കാൻ കോൺഗ്രസ് ഏതറ്റം വരേയും പോകു മെന്നും സുധാകരൻ പറഞ്ഞു.